മോഹൻലാലിൽ നിന്നും ആനക്കൊമ്പ് പിടിച്ചെടുത്ത കേസ്: നിയമവിധേയമാക്കിയ ഉത്തരവ് റദ്ദാക്കി ഹൈകോടതി

കൊച്ചി: മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഹൈകോടതി വിധി നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടിയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നാണ് കോടതി നിരീക്ഷണം.

മോഹൻലാലിനെതിരായ കേസ് പിൻവലിച്ച സർക്കാർ തീരുമാനം പെരുമ്പാവൂർ കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ മോഹൻലാൽ സമർപ്പിച്ച ഹരജിയും മോഹൻലാലിനെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലുമാണ് വിധി. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്.

വിഷയത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുകയാണ്. 2012 ജൂണിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. തെരച്ചിലില്‍ നാല് ആനക്കൊമ്പുകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ വനംവകുപ്പിന് കൈമാറി.

ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയില്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. കോടനാട് ഫോറസ്റ്റ് അധികൃതരാണ് കേസെടുത്തത്. ഈ കേസ് പിന്നീട് റദ്ദാക്കി. ഇതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 

Tags:    
News Summary - Elephant tusk seizure case from Mohanlal: High Court quashes legal order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.