തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമീഷൻ കരട് വിജ്ഞാപനം. കരട് വിജ്ഞാപനം www.sec.kerala.gov.in ൽ പരിശോധിക്കാം. ആക്ഷേപങ്ങൾ 15 ദിവസത്തിനകം കമീഷൻ സെക്രട്ടറിക്ക് നൽകണം.
ഒന്നാം പട്ടികയിൽ ദേശീയ പാർട്ടികളായ ആം ആദ്മി പാർട്ടി (ചൂല്), ബഹുജൻ സമാജ് പാർട്ടി (ആന), ബി.ജെ.പി (താമര), സി.പി.എം (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യൻ നാഷനൽ കോൺഗ്രസ് (കൈ), നാഷനൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവക്കും രണ്ടാം പട്ടികയിൽ കേരള സംസ്ഥാന പാർട്ടികളായ സി.പി.ഐ (ധാന്യക്കതിരും അരിവാളും), ജനതാദൾ (സെക്യുലർ) (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ), ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് (ഏണി), കേരള കോൺഗ്രസ് (എം) (രണ്ടില), കേരള കോൺഗ്രസ് (ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺകോരിയും) എന്നിവക്കും ചിഹ്നം അനുവദിച്ചു.
മൂന്നാം പട്ടികയിൽ മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാർട്ടികളും കേരള അസംബ്ലിയിലോ സംസ്ഥാനത്തെ ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിലോ അംഗങ്ങളുള്ളതും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്തതുമായ 28 രാഷ്ട്രീയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചു. പട്ടിക നാലിലുള്ള 73 എണ്ണം സ്വതന്ത്ര ചിഹ്നങ്ങളിൽ 1, 2, 3 പട്ടികകളിൽ ഉൾപ്പെടാത്തതും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്തതുമായ രാഷ്ട്രീയ പാർട്ടികൾക്ക് അവർ ആവശ്യപ്പെട്ട പ്രകാരമുള്ള സ്വതന്ത്ര ചിഹ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ചിഹ്നം അനുവദിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യമെങ്കിൽ അപേക്ഷിക്കുന്ന മുറക്ക് സ്വതന്ത്ര ചിഹ്നം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.