പത്തനംതിട്ട: തനിച്ച് താമസിക്കുന്ന 68 വയസ്സുള്ള സ്ത്രീ വീട്ടിലെ കുളിമുറിയിൽ വീണ് കാലിന് പരിക്കേറ്റപ്പോൾ അഗ്നിരക്ഷാസേനക്ക് വിളിയെത്തിയത് അമേരിക്കയിൽനിന്ന്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ വയോധികക്ക് രക്ഷയൊരുക്കി.
ചന്ദനപ്പള്ളി ഇഞ്ചിവിളയില്‍ റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പരേതനായ രാജന്‍ വര്‍ഗീസിന്റെ ഭാര്യ ലീലാമ്മയാണ് (68) ഞായറാഴ്ച പുലർച്ച വീട്ടിലെ കുളിമുറിയിൽ വീണത്. ഇവർ അമേരിക്കയിലുള്ള മകനെയും കുമ്പഴയിലെ സഹോദരനെയും ഫോണിൽ അറിയിച്ചു. അമേരിക്കയിലുള്ള മകനാണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്.
സേനാംഗങ്ങള്‍ ചെല്ലുമ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കുളിമുറിയുടെ വെന്റിലേറ്റര്‍ പൊളിച്ചാണ് രക്ഷിച്ചത്. വയോധികക്ക് കാര്യമായ പരിക്കില്ല. ലീലാമ്മയെ പരിചരിക്കാന്‍ ഹോംനഴ്‌സിനെ നിയോഗിച്ചിരുന്നു. ഒരാഴ്ചമുമ്പ് ഇവര്‍ വീട്ടില്‍ പോയി. സുരക്ഷ ഉറപ്പിക്കാന്‍ ലീലാമ്മ വീട് മുഴുവന്‍ ഉള്ളില്‍നിന്ന് പൂട്ടിയിരുന്നു. ബെഡ്‌റൂമും ഉള്ളില്‍നിന്ന് പൂട്ടി ഭദ്രമാക്കി.
ഞായറാഴ്ച പുലര്‍ച്ചെ ശൗചാലയത്തിൽ പോയപ്പോൾ കാല്‍തെറ്റി വീഴുകയായിരുന്നു. വീഴ്ചയില്‍ കാല്‍ മടങ്ങിപ്പോയതും അമിത ശരീരഭാരം കാരണം എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്നതുമാണ് വിനയായത്. ആശുപത്രിയിലേക്ക് മാറ്റാൻ അഗ്നിരക്ഷാസേന ശ്രമിച്ചെങ്കിലും അവര്‍ നിരസിച്ചു. തുടർന്ന് ബന്ധുക്കൾക്കൊപ്പം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അഗ്നിരക്ഷാസേന എത്തിയപ്പോഴാണ് വിവരം സമീപവാസികള്‍ അറിയുന്നത്. മൂന്ന് മക്കളും വിദേശത്താണ് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.