ജയമാധവൻ നായർ വധക്കേസ്: പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരം: കരമന കാലടി ഉമാമന്ദിരത്തില്‍ ജയമാധവന്‍ നായര്‍ (63) കൊല്ലപ്പെട്ട കേസില്‍ പ്രതി രവീന്ദ്രന്‍ നായര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് നാലു വരെയാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി-1 പ്രതിയെ കസ്റ്റഡിയില്‍ നല്‍കിയത്. രവീന്ദ്രനെ വിശദമായി ചോദ്യം ചെയ്ത് കൊലപാതകത്തിന്റെ ഉദ്ദേശ്യലക്ഷ്യം സംബന്ധിച്ചു തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു പിന്നാലെ സ്വത്തു തട്ടിയെടുക്കാന്‍ വ്യാജരേഖകള്‍ തയാറാക്കി എന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ നിരത്തിയാകും ചോദ്യംചെയ്യല്‍.
ജയമാധവന്‍ നായരുടെ സഹചാരിയും സഹായിയുമായിരുന്നു രവീന്ദ്രന്‍ നായര്‍ എന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിലും വ്യാജ ആധാരം രജിസ്റ്റര്‍ ചെയ്തതിലും രവീന്ദ്രന്‍ നായരെ സഹായിച്ചവരെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. ജയമാധവന്‍ നായരുടെ മരണശേഷം രവീന്ദ്രന്‍ നായര്‍, സഹായികളായ സഹദേവന്‍, സജു, സെന്തില്‍, അനില്‍കുമാര്‍, ലീല എന്നിവര്‍ കൂടത്തില്‍ സ്വത്തിന്റെ അവകാശികളാണെന്നു വരുത്തിത്തീര്‍ക്കുന്ന തരത്തില്‍ വ്യാജരേഖകള്‍ തയാറാക്കിയെന്നാണു കണ്ടെത്തല്‍. അവകാശികള്‍ തമ്മില്‍ തര്‍ക്കമുണ്ടെന്നും കോടതി ഇടപെട്ടു സ്വത്ത് ഭാഗം വെക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ സത്യവാങ്മൂലം നല്‍കി.
വ്യാജരേഖകള്‍ ഉപയോഗിച്ച് കേസ് നീട്ടിക്കൊണ്ടുപോയി. പിന്നീട് തര്‍ക്കം ഒത്തുതീര്‍പ്പായെന്നും സ്വത്ത് ഭാഗം വെക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും സത്യവാങ്മൂലം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവും നേടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. കവടിയാറിലെ ഭൂമി തട്ടിപ്പുകേസിലെ പ്രതിയാണ് വ്യാജ ആധാരം തയാറാക്കാന്‍ രവീന്ദ്രന്‍ നായരെയും കൂട്ടാളികളെയും സഹായിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. രവീന്ദ്രന്‍ നായരുടെ അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ കൈമാറിയതിന്റെ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും അന്വേഷണസംഘം ശേഖരിച്ചെന്നാണു വിവരം. വ്യാജ ആധാരം തയാറാക്കാന്‍ സഹായിച്ച ആളെ ഇതു സംബന്ധിച്ച കേസില്‍ പ്രതി ചേര്‍ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.