‘കണ്ടോ കണ്ടോ സ്വർണക്കപ്പ്’; വി. ശിവൻകുട്ടിയുടെ ആരോപണത്തിന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വർണക്കപ്പ് കാണാനില്ലെന്ന മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ ആരോപണത്തിന് മറുപടിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ‘കണ്ടോ കണ്ടോ സ്വർണക്കപ്പ്...’ എന്ന കുറിപ്പോടെ സ്വർണക്കപ്പ് ഘോഷയാത്രക്ക് തുടക്കമായതിന്റെ ചിത്രങ്ങൾ മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു. കായികമേളയുടെ സ്വർണക്കപ്പ് എവിടെയെന്ന ശിവൻകുട്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.

എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിർമിച്ച 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പും കായികമേളയുടെ പതാകയും കാണാനില്ലെന്നായിരുന്നു ശിവൻകുട്ടിയുടെ ആരോപണം. മേളയുടെ നടത്തിപ്പ് പൂർണമായി അട്ടിമറിക്കപ്പെട്ടെന്നും കപ്പ് എവിടെയാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണ നിയമസഭയിൽ സ്വർണക്കപ്പ് സമർപ്പിച്ചിരുന്നുവെന്നും ഇപ്പോൾ അത് പുറത്തെടുക്കാത്തതിൽ അഴിമതി സംശയിക്കുന്നുവെന്നും ശിവൻകുട്ടി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാഭാസ മന്ത്രി ഷംസുദ്ദീന്‍ മറുപടി നല്‍കിയിരിക്കുന്നത്.

അതേസമയം, കോഴിക്കോട് നടക്കുന്ന സംസ്ഥാന കായികമേളയുടെ മുന്നോടിയായി സ്വർണക്കപ്പ് ഘോഷയാത്രക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഈ മാസം 25ന് കോഴിക്കോട് മുക്കത്താണ് കായികമേളക്ക് കൊടിയേറുക. ‘കുട്ടു ആന’യാണ് മേളയുടെ ഭാഗ്യചിഹ്നം. അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച എൻ.ഐ.ടി സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും ഉൾപ്പെടെയാണ് മേളയുടെ പ്രധാന വേദി. നഗരത്തിലെ മറ്റു പത്ത് മൈതാനങ്ങളിലും മത്സരങ്ങൾ നടക്കും. അയ്യായിരത്തോളം കായികതാരങ്ങൾ മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    
News Summary - Golden Trophy Row Escalates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.