‘എല്ലാ കാര്യങ്ങളും അറിയാൻ താൻ ഡോക്ടറല്ല; ഓഫിസിൽ പലരും സന്ദർശനത്തിന് വരാറുണ്ട്’: എസ്.എം.എ മരുന്ന് വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: എസ്.എം.എ ബാധിച്ച കുഞ്ഞുങ്ങൾക്ക് പുതിയ മരുന്ന് നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ നടക്കുന്നതിനിടെ, ആരോഗ്യമന്ത്രി നാറ്റ്കോ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. നാറ്റ്കോ കമ്പനി പ്രതിനിധികളുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഓഫിസിൽ പലരും സന്ദർശനത്തിനെത്തുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പലരും തങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും രേഖകളും കൈമാറാറുണ്ടെന്നും അക്കാര്യങ്ങളൊന്നും വിദഗ്ധരുമായി ചർച്ച ചെയ്യാതെ ഒരു തീരുമാനവും ആരോഗ്യവകുപ്പ് എടുക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി.
തന്നെ കാണാൻ നിരവധി പേർ ഓഫിസിൽ വരാറുണ്ട്. എന്നാൽ അത്തരം കൂടിക്കാഴ്ചകൾ മരുന്നുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങളുമായി ബന്ധമില്ലെന്നത് ഓർക്കണം. എസ്.എം.എ ബാധിച്ച കുഞ്ഞുങ്ങൾക്ക് പല സംസ്ഥാനങ്ങളിലും ഇതേ മരുന്ന് നൽകിയിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളും അറിയാൻ താൻ ഡോക്ടറല്ല -കെ. മുരളീധരൻ പറഞ്ഞു.
മന്ത്രി കെ. മുരളീധരനും നാറ്റ്കോ പ്രതിനിധികളും മന്ത്രിയുടെ ഓഫിസിൽ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പുതിയ മരുന്നിനുള്ള ഫയല്‍ നീക്കത്തിനിടെയായിരുന്നു കൂടിക്കാഴ്ച. എന്നാൽ, സി.എസ്.ആർ സഹായവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാല്‍ എസ്.എം.എ മരുന്നുമായി ബന്ധപ്പെട്ട ഒരു കൂടിക്കാഴ്ചയല്ല നടന്നതെന്നും മന്ത്രി കെ. മുരളീധരനും കമ്പനി പ്രതിനിധികള്‍ക്കൊപ്പം ഉണ്ടായിരുന്ന എസ്.എ.ടി സൂപ്രണ്ട് ഡോ. ഐ. റിയാസും ചീഫ് ഫാര്‍മസിസ്റ്റ് എ. ബിജുവും പറഞ്ഞിരുന്നു.
അതേസമയം ക്ലിനിക്കൽ ട്രയൽ എന്നെഴുതിയ മരുന്നുകൾ വിതരണം ചെയ്തതിൽ ഡോക്ടേഴ്സിന് വീഴ്ചയുണ്ടായെന്ന് വിലയിരുത്തൽ. ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്തി നൽകിയ മരുന്നുകൾ അടിയന്തരമായി ആശുപത്രിയിൽ തിരികെ എത്തിക്കണം എന്ന് നിർദേശം നൽകിയിരുന്നു. ഡോ. മിനിക്ക് മാത്രമേ മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിയൂ എന്നായിരുന്നു മന്ത്രി കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
തൃശൂര്‍ പൂരം അട്ടിമറി കേസിനെ കുറിച്ചും മന്ത്രി കെ. മുരളീധരന്‍ പ്രതികരിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്നും അതിനെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. എംആര്‍ അജിത് കുമാറിനെ കുറിച്ച് മന്ത്രിയെന്ന നിലയില്‍ ഇപ്പോള്‍ മുമ്പ് പറഞ്ഞതുപോലെ പറയാനാവില്ല. റിപ്പോര്‍ട്ടിലെ എല്ലാ ഉള്ളുകള്ളിയും തനിക്കറിയാമെന്നും ആരെയും രക്ഷിക്കാന്‍ നോക്കിയാല്‍ അത് നടക്കില്ലെന്നും തുറന്നടിച്ചു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷം നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.