‘എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം, വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണത്’; സി.പി.എമ്മുമായി അകലുന്നുവെന്ന അഭ്യൂഹം ശക്തമാക്കി ദിവ്യയുടെ എഫ്ബി പോസ്റ്റ്
കണ്ണൂർ: സിപിഎമ്മുമായി പിപി ദിവ്യ അകലുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബുദ്ധന്റെ ചങ്ങാട കഥ ഉദ്ധരിച്ച് വൈകാരികവും ദാർശനികവുമായ കുറിപ്പാണ് ദിവ്യ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. ‘എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം, വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ് ജീവിതം’ എന്ന വരികളിലൂടെയുള്ള അവരുടെ കുറിപ്പ് രാഷ്ട്രീയ കേരളത്തിൽ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്.
‘ഓരോ ജീവിതത്തിനും പറയാൻ ഒരു കഥയുണ്ട്… ഓരോ കഥയിലും തിരിച്ചറിയാൻ ഒരു സത്യവും’ എന്ന് തുടങ്ങുന്ന കുറിപ്പിൽ, ജീവിതയാത്രയിൽ ചില മനുഷ്യരെയും ശീലങ്ങളെയും ബന്ധങ്ങളെയും കൃത്യമായ സമയത്ത് യാത്രയാക്കേണ്ടതുണ്ടെന്ന് ദിവ്യ ഓർമിപ്പിക്കുന്നു.
നദികടക്കാൻ സഹായിച്ച ചങ്ങാടം പിന്നീട് തലയിലേറ്റി നടക്കുന്നത് ശരിയാണോ എന്ന് ബുദ്ധൻ ശിഷ്യന്മാരോട് ചോദിച്ച കഥയാണ് കുറിപ്പിൽ പ്രധാനമായും പരാമർശിക്കുന്നത്.
‘ചിലതിനോട് നാം നന്ദിയുള്ളവരായിരിക്കണം… ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണം. നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്’ - എന്ന് കുറിച്ചുകൊണ്ട് രാഷ്ട്രീയ പാർട്ടിയുമായോ മുൻകാല ബന്ധങ്ങളുമായോ ഉള്ള അഭിപ്രായവ്യത്യാസങ്ങളാണോ ഇത്തരമൊരു ചിന്തക്ക് കാരണമെന്ന സംശയം പലരും ഉണർത്തുന്നുണ്ട്.
കുറിപ്പിന്റെ ഒടുവിൽ നൽകിയിരിക്കുന്ന ‘Justice may be delayed, but the voice of truth will never fade’ (നീതി വൈകാം, എന്നാൽ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ല) എന്ന ഇംഗ്ലീഷ് വാചകത്തോടെയാണ് എഫ്ബി പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ഓരോ ജീവിതത്തിനും പറയാൻ ഒരു കഥയുണ്ട്…
ഓരോ കഥയിലും തിരിച്ചറിയാൻ ഒരു സത്യവും.
ജീവിതത്തിന്റെ ഏതോ വഴിത്തിരിവിൽ കണ്ടുമുട്ടിയ മനുഷ്യർ… കടന്നുപോയ സാഹചര്യങ്ങൾ… ഹൃദയത്തിൽ മായാതെ കിടക്കുന്ന ചില ഓർമ്മകൾ… കാലം മായ്ച്ചുകളയാത്ത ചില മുറിവുകൾ… ഇതെല്ലാം മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളുണ്ട്.
ചില അനുഭവങ്ങൾ ചിരിയുടെ പൂക്കാലം സമ്മാനിച്ചു. ചിലത് കണ്ണീരിന്റെ നനവുള്ള ഓർമ്മകളായി മാറി. മറ്റു ചിലത് മനുഷ്യരെ തിരിച്ചറിയാനും ബന്ധങ്ങളുടെ ആഴം അളക്കാനും സത്യത്തിന്റെയും നീതിയുടെയും വില മനസ്സിലാക്കാനും പഠിപ്പിച്ചു.
അങ്ങനെയിരിക്കെ, അടുത്തിടെ വായിച്ച ഒരു കഥ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ബുദ്ധൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞതായി കേട്ടിട്ടുള്ള ഒരു കഥ…
ഒരു മനുഷ്യൻ യാത്രയ്ക്കിടയിൽ ആഴമേറിയ ഒരു നദിക്കരയിലെത്തി. മറുകരയിലെത്താൻ പാലമില്ല, വള്ളമില്ല, സഹായിക്കാൻ ആരുമില്ല. ഒടുവിൽ അവിടെക്കണ്ട മരത്തടികളും കമ്പുകളും ചേർത്ത് അയാൾ ഒരു ചങ്ങാടമുണ്ടാക്കി. പ്രതിബന്ധങ്ങളെ അതിജീവിച്ച് സുരക്ഷിതമായി മറുകരയിലെത്തി.
തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച ആ ചങ്ങാടത്തോട് അയാൾക്ക് വല്ലാത്ത നന്ദി തോന്നി. അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ, ഇനി എവിടെപ്പോയാലും ചങ്ങാടം കൂടെ കൊണ്ടുപോകാൻ അയാൾ തീരുമാനിച്ചു. അങ്ങനെ, യാത്ര സുഗമമാക്കിയ ആ ചങ്ങാടം തലയിലേറ്റി അയാൾ വീണ്ടും യാത്ര തുടർന്നു.
കഥ പറഞ്ഞുതീർത്ത ബുദ്ധൻ ശിഷ്യന്മാരോട് ചോദിച്ചു:
“അയാൾ ചെയ്യുന്നത് ശരിയാണോ?”
ശിഷ്യന്മാർ ഒരേ സ്വരത്തിൽ പറഞ്ഞു: “അല്ല.”
ഒന്ന് ആലോചിച്ചുനോക്കൂ… നമ്മുടെ ജീവിതത്തിലും ഇങ്ങനെയുള്ള ചില ചങ്ങാടങ്ങളില്ലേ?
ഒരിക്കൽ നമ്മെ ചേർത്തുപിടിച്ച ചില ബന്ധങ്ങൾ ഇന്ന് നമ്മെ വേദനിപ്പിക്കുന്നുണ്ടാകാം. ഒരുകാലത്ത് തുണയായിരുന്ന ചില ശീലങ്ങൾ ഇന്ന് നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകുന്നുണ്ടാകാം. ഒരിക്കൽ നമുക്ക് ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല.
ചിലതിനോട് നാം നന്ദിയുള്ളവരായിരിക്കണം… ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണം.
നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്.
ജീവിതത്തിലും അങ്ങനെതന്നെ… ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു പാഠം പഠിപ്പിക്കാനായിരിക്കാം. ചില അനുഭവങ്ങൾ നമ്മെ തകർക്കാനല്ല, കൂടുതൽ കരുത്തുള്ളവരാക്കാനായിരിക്കാം. ചില വേർപിരിയലുകൾ നഷ്ടങ്ങളല്ല; പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളായിരിക്കാം.
എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം; വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ് ജീവിതം.
പ്രിയ സുഹൃത്തുക്കളേ,
ഇവിടെ ഞാൻ പങ്കുവയ്ക്കുന്നത് വെറും സങ്കൽപ്പകഥകളല്ല. ജീവിതയാത്രയിൽ കണ്ടുമുട്ടിയ മനുഷ്യരും അനുഭവിച്ച സാഹചര്യങ്ങളും മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളും ചോദ്യങ്ങളുമാണ്. ചില കഥകളിൽ നിങ്ങൾക്ക് പരിചിതമായ മുഖങ്ങൾ തെളിഞ്ഞേക്കാം. ചില അനുഭവങ്ങളിൽ നിങ്ങളുടെ തന്നെ ജീവിതത്തിന്റെ നിഴലുകൾ കണ്ടേക്കാം.
ഓർമ്മകളുടെ വഴികളിലൂടെ… മനുഷ്യബന്ധങ്ങളുടെ ഉള്ളറകളിലൂടെ… സത്യത്തിന്റെയും നീതിയുടെയും അർത്ഥങ്ങൾ തേടി ഒരു യാത്ര.
കാരണം, ഓരോ കഥയ്ക്കു പിന്നിലും ഒരു ജീവിതമുണ്ട്… ഓരോ ജീവിതത്തിനുള്ളിലും പറയാതെപോയ ഒരു സത്യവും.
“Justice may be delayed, but the voice of truth will never fade.” ⚖️
സത്യം പറയാനുള്ള ധൈര്യത്തോടെയും നീതി തിരിച്ചറിയാനുള്ള വിവേകത്തോടെയും… ഈ യാത്ര ഇവിടെ തുടരുന്നു. ..വായിക്കണം. ..അഭിപ്രായങ്ങൾ അറിയിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.