വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നു -വി.ഡി സതീശൻ

പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പരാമർശം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിദ്യാഭ്യാസ രംഗത്ത് കേരളം നേടിയ എല്ലാ നേട്ടങ്ങളുടേയും ശോഭ കെടുത്തുന്ന പരാമര്‍ശമാണ് പൊതുവിദ്യാഭ്യാസ മന്ത്രി നടത്തിയത് . ഗുരതരമായ ഈ പ്രസ്താവന മുഖ്യമന്ത്രി അംഗീകരിക്കുന്നുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും സതീശൻ പറഞ്ഞു.

'കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി എ പ്ലസ് കിട്ടിയത് 125509 കുട്ടികള്‍ക്കാണ്. നമ്മുടെ ഈ പരീക്ഷാഫലം ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു. എന്നാല്‍, ഇപ്രാവശ്യം എസ്.എസ്.എല്‍.സിക്ക് 99 ശതമാനം വിജയമാണെങ്കില്‍ പോലും എ പ്ലസിന്റെ കാര്യത്തിലെല്ലാം നിലവാരമുള്ള ഫലമായിരുന്നെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഹയര്‍സെക്കന്‍ഡറിക്കും ഇതേ നിലവാരമുണ്ട്'.

പരീക്ഷക്ക് നല്‍കുന്ന മാര്‍ക്ക് സര്‍ക്കാരിന്റേയോ മന്ത്രിയുടേയോ ഔദാര്യമല്ല. ഓരോ വിദ്യാര്‍ഥിയുടേയും കഠിനാധ്വാനവും അധ്യാപകരുടെ സമര്‍പ്പണവും രക്ഷകര്‍ത്താക്കളുടെ പിന്തുണയുമാണ് ഉന്നത വിജയത്തിന്റെ പ്രേരക ശക്തി. പകല്‍ രാവാക്കിയും രാവ് പകലാക്കിയും പഠിച്ച കുട്ടികളുടെ നേട്ടത്തെ രണ്ടോ മൂന്നോ വാചകങ്ങളിലൂടെ അപമാനിച്ചത് സംസ്ഥാനത്തിന്റെ പൊതു വിദ്യാഭാസ മന്ത്രിയാണ്. ഒന്നേകാല്‍ ലക്ഷത്തിലധികം എ പ്ലസുകള്‍ അഭിമാനകരമായ നേട്ടമെന്ന് അന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് ഇപ്പോള്‍ അത് തമാശ ആയത് എങ്ങനെയാണ്.

കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധികളെ അതിജീവിച്ചും നേടിയ ഉന്നത വിജയത്തെയാണ് വീണ്ടുവിചാരം ഇല്ലാതെ മന്ത്രി തള്ളിപ്പറഞ്ഞത്. രോഗബാധയും കുടുംബാംഗങ്ങളുടെ അപ്രതീക്ഷിത വിയോഗവും ജോലിയും വരുമാനം നിലച്ചതിനെ തുടര്‍ന്നുണ്ടായ ദാരിദ്ര്യവും സാമൂഹികമായ ഒറ്റപ്പെടല്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥയും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിലാണ് കുട്ടികള്‍ പരീക്ഷ എഴുതിയതും രക്ഷിതാക്കള്‍ കുട്ടികള്‍ക്കുവേണ്ട പിന്തുണ നല്‍കിയതും.

പൊരുതി നേടിയെടുത്ത ആ വിജയത്തെയും കേരളീയ സമൂഹത്തിന്റെ പൊതുബോധത്തെയുമാണ് മന്ത്രി അപഹസിച്ചത്. ജനാധിപത്യം നല്‍കുന്ന സവിശേഷ അധികാരമാണ് ഏതൊരു ജനപ്രതിനിധിയെയും മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെ ആക്കുന്നത്. അത് എന്തും പറയാനുള്ള ലൈസന്‍സായി കൊണ്ട് നടക്കുന്നത് ജനാധിപത്യത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. വകുപ്പില്‍ ചെയ്യേണ്ടതൊന്നും ചെയ്തില്ലെങ്കിലും ആ കസേരയില്‍ ഇരുന്ന് ജനത്തെ വെല്ലുവിളിക്കുകയും അപമാനിക്കുകയുമെങ്കിലും ചെയ്യരുത്.

പരീക്ഷാഫലം നിര്‍ണയിക്കുന്നത് മന്ത്രിമാരാണെന്ന ധ്വനിയും ആ പ്രസ്താവനയിലുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തന്നെ വിശ്വാസ്യതയാണ് ഇതിലൂടെ സംശയ നിഴലിലായിരിക്കുന്നത്.

Tags:    
News Summary - Education Minister insults students and parents -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.