മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് പി.ഐ നൗഷാദിന്

കൊച്ചി:കേരള മീഡിയ അക്കാദമിയുടെ 2015ലെ മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് മാധ്യമം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ പി.ഐ. നൗഷാദിന്. 2015 സെപ്റ്റംബര്‍ അഞ്ചിന് മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ആ മരണങ്ങള്‍ സര്‍ക്കാരിനെ പ്രതിയാക്കേണ്ട കൊലപാതകങ്ങള്‍’ എന്ന എഡിറ്റോറിയലിനാണ് പുരസ്ക്കാരം ലഭിച്ചത്. സി. രാധാകൃഷ്ണന്‍, എസ്.കൃഷ്ണന്‍കുട്ടി, ജോസ് മാത്യു എന്നിവരടങ്ങിയ സമിതിയുടേതാണ് പുരസ്ക്കാരനിര്‍ണ്ണയം.

മികച്ച  പ്രദേശിക പത്രപ്രവര്‍ത്തനത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് കേരളഭൂഷണം പത്തനംതിട്ട ലേഖിക ആശ.എസ്.പണിക്കര്‍ അര്‍ഹയായി. വി.കെ. ജയകുമാര്‍, വി.ഇ. ബാലകൃഷ്ണന്‍, എസ്.ജയശങ്കര്‍ എന്നിവരടങ്ങിയതായിരുന്നു നിര്‍ണയ സമിതി. മികച്ച അന്വേഷണാന്മക റിപ്പോര്‍ട്ടനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് മാതൃഭൂമി തൃശൂര്‍ യൂനിറ്റ് സബ്എഡിറ്റര്‍ ഒ.രാധിക അര്‍ഹയായി. കെ.ജി. മുരളീധരന്‍, കൈനകരി ഷാജി, ആര്‍.പാര്‍വ്വതീദേവി എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്. മികച്ച ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡിന് മാതൃഭൂമി കോഴിക്കോട് യൂനിറ്റ് സബ് എഡിറ്റര്‍ നിലീന അത്തോളി അര്‍ഹയായി. ആര്‍.എസ്.ശക്തിധരന്‍, കെ.സി.വേണു, എബ്രഹാം മാത്യു എന്നിവരായിരുന്നു വിധിനിര്‍ണയ സമിതിയംഗങ്ങള്‍.

മികച്ച ന്യൂസ് ഫോട്ടോഗ്രഹിക്കുള്ള മീഡിയ അക്കാദമി അവാര്‍ഡിന് ഡെക്കാന്‍ ക്രോണിക്കിള്‍ കൊച്ചി യൂനിറ്റ് ഫോട്ടോഗ്രാഫര്‍ അനൂപ്.കെ. വേണുവും മികച്ച ദൃശ്യ മാധ്യപ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവര്‍ഡിന് മനോരമ ന്യൂസ് മലപ്പുറം യൂനിറ്റ് സ്പെഷ്യല്‍ കറസ്പോന്‍ണ്ടന്‍റ് എസ്.മഹേഷ് കുമാറും  അര്‍ഹനായി. കൊച്ചിയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബുവാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ​

Tags:    
News Summary - editorial award pi noushad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.