കൊച്ചി: നെടുപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ആന്റോ ആന്റണി എം.പിയെ ഇ.ഡി ചോദ്യം ചെയ്യും. നെടുപറമ്പിൽ ഉടമ എൻ.എം രാജു നൽകിയ പണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇത് തട്ടിപ്പ് പണമാണെന്നാണ് ഇ.ഡി വിലയിരുത്തൽ. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഉടൻ ആന്റോ ആന്റണിക്ക് നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പ് സമയത്ത് ആന്‍റോ ആന്‍റണി രണ്ടു മാസത്തിനകം തിരികെ നൽകാമെന്ന് പറഞ്ഞ് തന്നിൽ നിന്ന് രണ്ട് കോടി വാങ്ങിയെന്നും എന്നാൽ 20 ലക്ഷം മാത്രമാണ് തിരികെ നൽകിയതെന്നും എൻ.എം രാജു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് സമയത്ത് പല സമയത്തും വന്നിരുന്നുവെന്നും രണ്ട് മാസത്തിനകം പണം തിരികെ നൽകാമെന്ന ഉറപ്പിൻമേൽ ഈടില്ലാതെ 2 കോടി നൽകിയതെന്നുമാണ് എം.എൻ രാജുവിന്‍റെ വെളിപ്പെടുത്തൽ. അന്ന് തങ്ങൾ യു.ഡി.എഫിന്‍റെ ഭാഗമായതുകൊണ്ടാണ് പണം നൽകി സഹായിച്ചതെന്നും രാജു പറഞ്ഞു.
സ്ഥാപനം പ്രതിസന്ധി ഘട്ടത്തിലെത്തിയ സമയത്ത് എം.പിയുടെ വീട്ടിൽ ചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും ആയിരം തവണയെങ്കിലും പണത്തിനായി ആന്‍റോയെ സമീപിച്ചിട്ടുണ്ടെന്നും രാജു ആരോപിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് വാങ്ങിയ രണ്ട് കോടി രൂപ തിരികെ നൽകിയില്ലെന്ന നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിന്‍റെ ആരോപണം തള്ളി പത്തനംതിട്ട എം.പി ആന്‍റോ ആന്‍റണി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ നെടുംപറമ്പിൽ ഫിനാൻസ് ഉടമ പണം നൽകി സഹായിച്ചെന്ന് ആന്‍റോ പറഞ്ഞു. വാങ്ങിയ പണം രാജുവിന് തിരികെ നൽകി. തനിക്കെതിരെ വേണമെങ്കിൽ രാജുവിന് നിയമപരമായി മുന്നോട്ടു പോകാമെന്നും ആന്‍റോ വ്യക്തമാക്കിയിരുന്നു.
നേരത്തെ, നെടുമ്പറമ്പിൽ ഫിനാൻസിന്റെ പൂട്ടിപ്പോയ തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഓഫിസിലും സ്ഥാപന ഉടമ എൻ.എം. രാജുവിന്റെ രാമൻചിറയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. അതേസമയം ഇഡി അന്വേഷണം വരുമ്പോൾ നോക്കാമെന്ന് ആന്റോ ആന്റണി മറുപടി നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.