റെയ്ഡിനോട് യോജിക്കുന്നില്ല, ഇ.ഡിയെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കി -മന്ത്രി ഷിബു ബേബി ജോൺ

കൊല്ലം: പിണറായി വിജയന്‍റെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ മന്ത്രി ഷിബു ബേബി ജോൺ. പിണറായി വിജയന്‍റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിനോട് യോജിക്കുന്നില്ലെന്നും ബി.ജെ.പി ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും ഷിബു ബേബി ജോൺ കൊല്ലത്ത് പ്രതികരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേരളത്തിലും ഇ.ഡി പ്രവർത്തിക്കുന്നതെങ്കിൽ ആർ.എസ്.പി ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ചങ്ങാതിമാർ പിണങ്ങുമ്പോഴാണ് വാശി കൂടുന്നതെന്നും ഇതിപ്പോൾ എന്ത് കാര്യത്തിലാണ് പിണങ്ങിയതെന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു. പിണറായിക്കും കുടുംബത്തിനും ഒന്നും മറക്കാനില്ലെങ്കിൽ തന്‍റേടത്തോടെ ഇ.ഡിക്ക് മുന്നിൽ നിൽകണമെന്നും അതിന് പകരം സി.പി.എം പ്രവർത്തകർ അഴിഞ്ഞാടുകയാണ് ചെയ്തത്.

റെയ്ഡ് നടത്തിയപ്പോൾ കുറ്റം പറയുന്നത് രാഹുൽ ഗാന്ധിയെയാണ്. എന്നിട്ടും മോദിയെ കുറിച്ച് ഒരക്ഷരം പറയുന്നില്ല. മോദിയെ തൃപ്തിപ്പെടുത്താനാണ് രാഹുൽ ഗാന്ധിയെ പറയുന്നതെന്നും ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. കേരളത്തിൽ സി.പി.എം തകരാൻ പാടില്ല. സി.പി.എം തകർന്ന് ബി.ജെ.പി വളരുന്ന സാഹചര്യം കേരളത്തിന് നല്ലതിനല്ല.

എന്നാൽ, സി.പി.എമ്മിൽനിന്ന് താമരയിലേക്ക് പോകാൻ പ്രവർത്തകർ തയാറാകുന്നു. ചാത്തന്നൂരും കഴക്കൂട്ടത്തും അത് തെളിഞ്ഞതാണ്. തെരഞ്ഞെടുപ്പ് ഫലം കൊണ്ട് സി.പി.എം തങ്ങളുടെ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അവർ പാഠം പഠിക്കുന്നില്ലെന്നും ഷിബു പരിഹസിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം പാണക്കാട് തറവാട്ടിൽ സന്ദർശനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

റെയ്ഡുകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയാറായില്ല. മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദ്യം ചോദിച്ചെങ്കിലും വിഷയം മാറ്റുകയായിരുന്നു. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയുടെ വസതിയിലടക്കം നടന്ന ഇ.ഡി റെയ്ഡുകൾ രാഷ്ട്രീയമായി വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മൗനം. നേരത്തെ ഇതേ വിഷയത്തിൽ പ്രതികരണം തേടിയപ്പോഴും അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു.

Tags:    
News Summary - I don't agree with the raid, ED has been made a political weapon of BJP - Minister Shibu Baby John

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.