തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി പരിശോധനയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ സി.പി.എം നിലപാട് തിരുത്തുന്നു. അഞ്ചെട്ട് മണക്കൂർ പ്രതിഷേധം നീണ്ടപ്പോഴുള്ള സ്വാഭാവിക പ്രതികരണമാണ് അവസാനമുണ്ടായതെന്നും അത്തരം പ്രതിഷേധങ്ങളുണ്ടാവാൻ പാടില്ലായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇ.ഡി നീക്കം പാർട്ടിക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും ഇതിനെതിരായ സ്വഭാവിക പ്രതികരണമാണ് പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നുമാണ് പാർട്ടി ആവർത്തിച്ചു പറഞ്ഞത്. എന്നാൽ, അങ്ങനെയുണ്ടാകാൻ പാടില്ലായിരുന്നുവെന്ന് പറയുന്നത് ആദ്യമാണ്. പാർട്ടിക്കെതിരായ കേന്ദ്രസർക്കാർ വേട്ടയെന്ന സി.പി.എം വ്യാഖ്യാനത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ താൻ അവിടെയുണ്ടായിരുന്നെങ്കിലും തന്നോടൊന്നും ചോദിച്ചില്ലെന്ന് വെളിപ്പെടുത്തി പിണറായി വിജയൻതന്നെ രംഗത്തെത്തിയിരുന്നു.
നേതാവിന്റെ മകൾക്കെതിരായ കേസിനെ പാർട്ടി എന്തിന് രാഷ്ട്രീയമായി പ്രതിരോധിക്കണമെന്ന വിമർശനം സി.പി.എമ്മിൽ പിന്നീടുയർന്നു. ബിനീഷ് കോടിയേരിക്കെതിരായ കേസിന്റെ സമയത്ത് പാർട്ടി സ്വീകരിച്ച സമീപനവുമായി ചേർത്തുവായിച്ചായിരുന്നു സ്വയംവിമർശനങ്ങൾ. പിണറായിയുടെ മകൾക്കെതിരായ റെയ്ഡിൽ പോളിറ്റ് ബ്യൂറോ മുതൽ ബ്രാഞ്ച് വരെ തെരുവിലിറങ്ങി. ബിനീഷ് കോടിയേരിക്കെതിരെ 2020ൽ കേസുണ്ടായപ്പോൾ അത് വ്യക്തിപരമായ കേസാണെന്നും കുടുംബം നോക്കുമെന്നുമായിരുന്നു പാർട്ടി നിലപാട്. ഇതിൽ വിമർശനമുണ്ടായതോടെയാണ് വീണയുടെ കേസ് വീണ നോക്കുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നുമുള്ള നിലപാടിലേക്ക് പാർട്ടി മാറിയത്. ഇപ്പോഴാകട്ടെ, അങ്ങനെയൊരു പ്രതിഷേധം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നതിലേക്കാണ് സി.പി.എമ്മിന്റെ ചുവടുമാറ്റം.
ഇ.ഡി കേസിൽ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവർ തന്നെ നോക്കുമെന്നും എന്നാൽ, അതിൽ രാഷ്ട്രീയ ഇടപെടൽ നടത്തിയപ്പോഴാണ് തങ്ങൾ രാഷ്ട്രീയമായി നേരിട്ടതെന്നും എം.വി. ഗോവിന്ദൻ ശനിയാഴ്ച വ്യക്തമാക്കി. ‘‘കേസിൽ ഒരു ബന്ധവുമില്ലാത്ത പിണറായി വിജയനെ അതിലേക്ക് വലിച്ചിഴക്കാനും അദ്ദേഹത്തെ ലക്ഷ്യംവെച്ച് നീങ്ങാനുമുള്ള ഇ.ഡിയുടെ രാഷ്ട്രീയ നിലപാടിനെയാണ് എതിർത്തത്. അതാണ് റെയ്ഡ് ഉൾപ്പെടെ വന്നപ്പോൾ പ്രതിഷേധമുണ്ടാകാൻ കാരണം’’-അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാര്യങ്ങൾ ചർച്ച ചെയ്ത് പരിഹിക്കുമെന്നും കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവായി തീരുമാനിക്കാനുള്ള അവകാശം പാർട്ടിക്കുണ്ടെന്നും എം.വി. ഗോവിന്ദൻ. കീഴ്വഴക്കം അനുസരിച്ച് എൽ.ഡി.എഫ് പ്രതിപക്ഷത്തായിരിക്കെ, പ്രതിപക്ഷ നേതാവിന്റെയും ഉപ നേതാവിന്റെയും പദവികൾ സി.പി.എം തന്നെയാണ് കൈകാര്യം ചെയ്തത്. ഇതുസംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് പാർട്ടിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.