കുന്നംകുളം: സംസ്ഥാനപാതയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ പ്രദേശവാസികളെയും യാത്രക്കാരെയും ഞെട്ടിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ പാതയിലെ കുന്നംകുളം മുതൽ കടവല്ലൂർ വരെ മേഖലയിൽ നടന്ന അപകടങ്ങളിലായി അഞ്ച് പേരുടെ ജീവനാണ് പൊലിഞ്ഞത്. ഈ സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഏറുകയാണ്.
തൃശൂർ-കടവല്ലൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി രണ്ട് വർഷത്തിലേറെയായി പ്രവർത്തനരഹിതമായ സിഗ്നൽ ലൈറ്റുകൾ പുനഃസ്ഥാപിക്കാത്തതാണ് പ്രധാന പരാതികളിലൊന്ന്. റോഡ് നവീകരണം പൂർത്തിയായിട്ടും സീബ്രാ ക്രോസിങ്, മുന്നറിയിപ്പ് ബോർഡുകൾ, വേഗനിയന്ത്രണ സംവിധാനങ്ങൾ, സി.സി.ടി.വി കാമറകൾ, രാത്രികാല സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഒരുക്കാത്തത് അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ജൂൺ അവസാനം അക്കിക്കാവിൽ ലോറിയിടിച്ച് 24കാരനായ ഇരുചക്രവാഹന യാത്രികൻ മരിച്ചിരുന്നു. ഒരാഴ്ച പിന്നിട്ടതോടെ അക്കിക്കാവ് കോളജ് ജങ്ഷനിൽ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ പൂട്ടിക്കിടന്ന കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർ എറണാകുളം കുമ്പളങ്ങി സ്വദേശി മരിക്കുകയും യാത്രക്കാരുൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജൂലൈ 15ന് കടവല്ലൂർ കൊരട്ടിക്കര പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപം ബൈക്കും ലോ ഫ്ലോർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കല്ലുംപുറം സ്വദേശിയായ 37കാരൻ ചികിത്സയിലിരിക്കെ കഴിഞ്ഞയാഴ്ച മരണത്തിന് കീഴടങ്ങി. ഈ അപകടങ്ങളുടെ വേദന മാറും മുമ്പാണ് വ്യാഴാഴ്ച പാറേമ്പാടത്ത് താഴത്തെ പെട്രോൾ പമ്പിന് സമീപം അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നാല് വാഹനങ്ങളിലിടിച്ച് സമീപവീടിന്റെ മതിലും ഇടിച്ചുതകർത്തത്. അപകടത്തിൽ 19കാരി വിദ്യാർഥിനി ഉൾപ്പെടെ രണ്ടു പേരുടെ ജീവൻ പൊലിഞ്ഞതാണ് ഒടുവിലായി നടന്ന ഈ പാതയിലെ ദുരന്തം.
ഇതിനുപുറമെ സംസ്ഥാനപാതയിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ പതിവായി സംഭവിക്കുന്നുണ്ട്. കേച്ചേരി, ചൂണ്ടൽ, അക്കിക്കാവ് കോളജ്, പെരുമ്പിലാവ് ജങ്ഷൻ എന്നിവിടങ്ങളിലെ സിഗ്നൽ ലൈറ്റുകൾ മാസങ്ങളായി പ്രവർത്തനരഹിതമാണ്. തിരക്കേറിയ ജങ്ഷനുകളിൽ സിഗ്നൽ സംവിധാനങ്ങൾ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. പാതകളിൽ രാത്രി വെളിച്ചക്കുറവും വാഹന യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്.
നവീകരണത്തിന്റെ ഭാഗമായി പാതകളിൽ വെളിച്ചത്തിനായി ഘടിപ്പിച്ച വിളക്കുകൾ ഇത് വരെയും പ്രകാശിച്ചിട്ടില്ല. സംസ്ഥാന പാതകളിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബസുകൾ സർവിസ് നടത്തുന്ന റൂട്ടുകളിലൊന്നാണിത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ സർവിസ് നടത്തുന്ന ബസുകൾ വഴിമധ്യേ ഉണ്ടാകുന്ന സമയനഷ്ടം നികത്താൻ അമിതവേഗത്തിൽ സഞ്ചരിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നതായി യാത്രക്കാരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
ചില വാഹനങ്ങളിലെ സ്പീഡ് ഗവർണറുകളുടെ അപാകതയും അമിതവേഗത്തിന് വഴിയൊരുക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഈ പാതയിൽ അമിതവേഗം നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും കർശന പരിശോധനകൾ ശക്തമാക്കണമെന്നും പ്രവർത്തനരഹിതമായ സിഗ്നൽ ലൈറ്റുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും വേഗനിയന്ത്രണ സംവിധാനങ്ങൾ, സി.സി.ടി.വി കാമറകൾ, മുന്നറിയിപ്പ് ബോർഡുകൾ, സീബ്രാ ക്രോസിങ്ങുകൾ എന്നിവ അടിയന്തരമായി ഒരുക്കണമെന്നും നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
കുന്നംകുളം: സംസ്ഥാന പാതയിലെ പാറേമ്പാടത്തെ അപകടത്തിന് കാരണം സ്വകാര്യ ബസിന്റെ അമിത വേഗം തന്നെയെന്ന് കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് അമിത വേഗമായിരുന്നുവെന്ന് വ്യക്തമാക്കപ്പെട്ടത്. സംഭവസമയം 80 കിലോമീറ്റർ വേഗം ബസിന് ഉണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. മുന്നിൽ പോകുന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആദ്യമായി സ്വിഫ്‌റ്റ് കാറിൽ ഇടിച്ചത്. വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ ബ്രേക്ക് ചെയ്തിരുന്നെങ്കിലും അമിത വേഗം ഉണ്ടായിരുന്നതിനാലാണ് ബസ് നിയന്ത്രിക്കാൻ കഴിയാതെ വന്നതെന്നും കണ്ടെത്തി.
ബസ് നിൽക്കുന്നതുവരെയും ഡ്രൈവർ ബ്രേക്ക് ചെയ്തിരുന്നെന്നും തെളിവുകൾ വ്യക്തമാക്കുന്നു. ഡ്രൈവർ സീറ്റിൽ തന്നെ ഉണ്ടായിരുന്നതായും ബസ് നിന്ന ശേഷം ഇറങ്ങി ഓടുകയായിരുന്നുവെന്നും യാത്രക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അപകടം സംഭവിക്കുമ്പോൾ വാഹനത്തിന് യന്ത്രത്തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും പരിശോധന ഉദ്യോഗസ്ഥർ പറഞ്ഞു. ഗുരൂവായൂർ സബ് ആർ.ടി.ഒ എം. രമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തിയത്. കൂടാതെ തൃശൂർ വെഹിക്കിൾ ഇൻസ്പെക്ടർ സജി തോമസ്, അസി. ഇൻസ്പെക്ടർ പയസ് ഉൾപ്പെടെ ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയിരുന്നു. അറസ്റ്റിലായ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനായി കുന്നംകുളം പൊലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.