ദേശീയ പാതയിലെ അപകടങ്ങൾ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു

കളമശ്ശേരി: അപ്പോളോ കമ്പനിക്ക് സമീപം റോഡ് അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പ്രദേശത്ത് പ്രത്യേക സുരക്ഷാ പരിശോധന നടത്തി. നിലവിലുള്ള ഗതാഗത ക്രമീകരണങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും സമഗ്രമായി വിലയിരുത്തുന്നതിന്റെയും അപകടസാധ്യതകൾ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിന്റെയും ഭാഗമായാണ് പരിശോധന നടത്തിയത്.

എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തിൽ, മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ എൻ വിനോദ് കുമാർ, ജെയിംസ് ജോസഫ് എന്നിവരും മറ്റ് എം.വി.ഐമാരും ഉൾപ്പെട്ട നാല് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളാണ് പരിശോധനയിൽ പങ്കെടുത്തത്.

വാഹനങ്ങളുടെ വേഗത, ഗതാഗതത്തിരക്ക്, പാർക്കിംഗ് ക്രമീകരണങ്ങൾ, റോഡിന്റെ ദൃശ്യപരത, നിലവിലുള്ള ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ, റോഡ് ഉപയോക്താക്കളുടെ പെരുമാറ്റം തുടങ്ങി അപകടസാധ്യതയ്ക്ക് കാരണമാകുന്ന വിവിധ ഘടകങ്ങൾ പരിശോധിച്ചു. ഇതോടൊപ്പം ട്രാഫിക് സിഗ്നലുകളുടെ ക്രമീകരണം, റോഡ് മാർക്കിംഗുകളുടെ നിലവാരം, വിവിധ ബോർഡുകളുടെ സ്ഥാനം, പ്രവേശന-പുറത്തിറങ്ങൽ സംവിധാനങ്ങൾ എന്നിവയും പരിശോധിച്ചു.

കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി പെഡസ്ട്രിയൻ ക്രോസിംഗുകളുടെ നിലവിലെ സ്ഥിതി, ദൃശ്യപരത, സ്ഥാനം, പുനഃക്രമീകരണത്തിനുള്ള സാധ്യതകൾ എന്നിവയും വിലയിരുത്തി. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ സുരക്ഷിതമായ ഗതാഗതം ഒരുക്കുന്നതിനുള്ള നടപടികളും വിലയിരുത്തി. നിലവിലുള്ള ഗതാഗത സംവിധാനത്തിലെ പോരായ്മകൾ കണ്ടെത്തുന്നതിനൊപ്പം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാര മാർഗ്ഗങ്ങളും പരിശോധിച്ചു.

പരിശോധനയിൽ ലഭിച്ച വിവരങ്ങളും കണ്ടെത്തലുകളും വിശദമായി വിലയിരുത്തിയ ശേഷം ആവശ്യമായ ഗതാഗത പുനഃക്രമീകരണങ്ങളും റോഡ് സുരക്ഷാ നടപടികളും സംബന്ധിച്ച ശുപാർശകൾ ഉൾപ്പെടുത്തി പഠന റിപ്പോർട്ട് വരും ദിവസങ്ങളിൽ ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Tags:    
News Summary - ദേശീയ പാതയിലെ അപകടങ്ങൾ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.