തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശിക തീര്‍ക്കാന്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഇളവ് പ്രഖ്യാപിച്ച് വൈദ്യുതി ബോർഡ്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ അനായാസം അടച്ചുതീര്‍ക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഒക്ടോബര്‍ 31 വരെയാണ് ഈ അവസരം.
10 വർഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ എട്ടു ശതമാനമായി കുറയും. അഞ്ച് മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശിക തുകക്ക് 18 ശതമാനത്തിനു പകരം ഏഴു ശതമാനം പലിശ നല്‍കിയാല്‍ മതിയാകും. രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കുടിശ്ശിക തുകക്ക് 18 ശതമാനത്തിനു പകരം ആറു ശതമാനം മാത്രമായിരിക്കും പലിശ. പലിശ തുക ആറു മാസത്തെ തുല്യഗഡുക്കളായി അടക്കാനും അവസരമുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കുടിശ്ശികയായ വൈദ്യുതി ബില്‍ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേര്‍ത്ത് ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നവര്‍ക്ക് ബില്‍ കുടിശ്ശികയില്‍ (Principal Amount) അഞ്ചു ശതമാനം അധിക ഇളവും ലഭിക്കും. റവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും കേബിള്‍ ടിവി ഉടമകളുടെ വൈദ്യുതി പോസ്റ്റ് വാടക കുടിശ്ശികയും നിബന്ധനകള്‍ക്ക് വിധേയമായി ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാന്‍ കഴിയും.
ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫിസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് സ്പെഷ്യല്‍ ഓഫിസര്‍ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുകയെന്നും കെ.എസ്.ഇ.ബി അറിയിച്ചു. https://ots.kseb.in എന്ന പ്രത്യേക വെബ്പോര്‍ട്ടല്‍ വഴി കുടിശ്ശികയുടെ വിശദാംശങ്ങള്‍ അറിയാനും പണമടക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
അതേസമയം, ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി ചോദ്യംചെയ്ത് സമൂഹമാധ്യമങ്ങളിൽ വിമർശവും ഉയർന്നു. ‘വീട്ടിൽ ഒരു മാസം ബില്ല് അടക്കാൻ വൈകിയാൽ കറണ്ട് കട്ട് ചെയ്യും. പിന്നെ എവിടെയാണ് കുടിശ്ശിക വരുന്നത്. ഓരോ വർഷം ഡിപ്പോസിറ്റ് വേറെയും അടക്കുന്നുണ്ട്.’ -എന്നാണ് ഒരു കമന്റ്.
‘കുടിശ്ശികയോ... കെ.എസ്.ഇ.ബിക്ക് ഉപഭോക്താവ് കുടിശ്ശിക വെക്കുകയോ? അതും അഞ്ച് വർഷം 10 വർഷം?? ബിൽ അടക്കേണ്ട അവസാന ദിവസത്തിന്റെ പിറ്റേന്ന് ഫ്യൂസ് ഊരുന്ന കെ.എസ്.ഇ.ബിക്ക് നാണമില്ലേ, ഇതുപോലുള്ള പോസ്റ്റുകൾ ഇടാൻ’ -എന്ന് വേറൊരാൾ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.