ഇ.ഡി കോഴക്കേസ്: പ്രതിയെ വിട്ടുകിട്ടാൻ വിജിലൻസിന് കോടതിയെ സമീപിക്കാം -ഹൈകോടതി

കൊച്ചി: ഇറക്കുമതിചെയ്ത കശുവണ്ടി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) അറസ്റ്റ്​ ചെയ്ത്​ റിമാൻഡിൽ കഴിയുന്ന പ്രതി അനീഷ്​ ബാബുവിനെ കോഴക്കേസിൽ തെളിവെടുപ്പിന്​ വിട്ടുകിട്ടാൻ ബന്ധപ്പെട്ട കോടതിയെ വിജിലൻസിന്​ സമീപിക്കാമെന്ന്​ ഹൈകോടതി.

തട്ടിപ്പ്​ കേസ്​ ഒതുക്കിത്തീർക്കാൻ ഇ.ഡി കോഴ ആവശ്യപ്പെട്ടെന്ന തന്‍റെ പരാതിയിലെടുത്ത കേസിൽ വിജിലൻസ് അന്വേഷണം നീതിപൂർവമല്ലെന്നും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് ബാബു നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ എ. ബദറുദ്ദീന്‍റെ ഉത്തരവ്​.

ആഫ്രിക്കൻ രാജ്യമായ താൻസനിയയിൽനിന്ന് കുറഞ്ഞ വിലയ്​ക്ക്​ കശുവണ്ടി ഇറക്കുമതി ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് അനീഷിനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നത്​. കേസ് ഒതുക്കാൻ ഇ.ഡി അസി. ഡയറക്ടറായിരുന്ന ശേഖർകുമാർ ഇടനിലക്കാരൻവഴി രണ്ടുകോടി രൂപ കോഴ ആവശ്യപ്പെട്ടെന്നാണ്​ ഹരജിക്കാരന്‍റെ പരാതി. എന്നാൽ, വിജിലൻസ്​ അന്വേഷണത്തിൽ വീഴ്ചവരുത്തുന്നുവെന്നാണ്​ ഹരജിയിലെ ആരോപണം.

അതേസമയം, ഹരജിക്കാരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലുള്ള ഫോണിന്റെ പാസ്‌വേഡ് അടക്കം നൽകുന്നില്ലെന്നും വിജിലൻസ് ആരോപിച്ചിരുന്നു. പാസ്‌വേഡും മറ്റും കൈമാറാൻ കോടതി കഴിഞ്ഞ തവണ നിർദേശിച്ചെങ്കിലും അന്നുതന്നെ അനീഷ് ബാബുവിനെ കള്ളപ്പണക്കേസിൽ ഇ.ഡി അറസ്റ്റ്​ ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഹരജിക്കാരനെ പരിമിത സമയത്തേക്ക് വിട്ടുകിട്ടാൻ കോടതിയിൽ വിജിലൻസിന്​​ അപേക്ഷ നൽകാമെന്ന്​ കോടതി വ്യക്തമാക്കിയത്​.

കള്ളപ്പണക്കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ പത്തുദിവസത്തിനകം അപേക്ഷ നൽകാനാണ്​ നിർദേശം. അപേക്ഷ ലഭിച്ചാൽ പ്രത്യേക കോടതി അത് അനുഭാവപൂർവം പരിഗണിക്കണം. തുടർന്ന്​ ഹരജി വീണ്ടും ഫെബ്രുവരി 10ന് പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - ED bribery case: Vigilance can approach court to get accused released - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.