കൽപറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ വനംവകുപ്പ് വിട്ടുനൽകിയ മരത്തടികളുടെ വിശദമായ കണക്ക് അന്വേഷണസംഘം വീണ്ടുമെടുത്തു. 2020-21 കാലത്താണ് സംസ്ഥാനത്തെ ഞെട്ടിച്ച മുട്ടിൽ മരംമുറി നടന്നത്. കേസിൽ പിടിച്ചെടുത്ത് സുൽത്താൻ ബത്തേരിയിലെ വനംവകുപ്പിന്റെ തടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന 43 കുറ്റി ഈട്ടിമരങ്ങളുടെ വിശദമായ കണക്കെടുപ്പാണ് നടത്തിയത്.
തടികൾ മഴയും വെയിലുമേറ്റ് നശിക്കുന്നുവെന്നതിനാൽ വനംവകുപ്പ് കോടതിയെ സമീപിച്ചതിനെ തുടർന്ന് ലേലം ചെയ്യാനുള്ള നടപടികളുടെ ഭാഗമായാണ് വീണ്ടും കണക്കെടുത്തത്. ഇത് കോടതിയിൽ ഓൺലൈനായി സമർപ്പിക്കും.
മരംമുറിയുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ 36 കേസുകളിൽ അന്വേഷണസംഘം അടുത്തിടെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് പ്രതികൾ. പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ 2020 ഒക്ടോബറിൽ ഉപാധികളോടെ റവന്യൂ വകുപ്പ് ഉത്തരവിറക്കിയതിന്റെ മറവിലായിരുന്നു വ്യാപക മരംകൊള്ള നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.