പിണറായി വിജയൻ
പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിനെതിരെ സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം. തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട നേതാക്കൾ, പിണറായിക്ക് പാർട്ടി പ്രായപരിധിയിൽ ഇളവുനൽകിയത് മുഖ്യമന്ത്രിയാകാനാണെന്നും പ്രതിപക്ഷ നേതാവാക്കാനല്ലെന്നും തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ പെരുമാറ്റരീതിയും ശൈലിയും ശരിയായില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് പാർട്ടിക്ക് അന്യമായി. തോൽവിയിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. ഭരണം പോയിട്ടും വീണ്ടും നേതാവാകുന്നത് ശരിയല്ല. ഇനിയെങ്കിലും തിരുത്താൻ തയാറാകണം. മന്ത്രിമാരുടെ പ്രവർത്തനവും ശരിയായില്ലെന്ന് മന്ത്രിയായിരുന്ന വീണാ ജോർജും പങ്കെടുത്ത യോഗത്തിൽ സംസാരിച്ചവർ വിമർശിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും രൂക്ഷവിമർശനം ഉയർന്നു. സെക്രട്ടറി പാർട്ടിക്കല്ല, കുടുംബത്തിനാണ് സംരക്ഷണം ഒരുക്കിയതെന്നായിരുന്നു വിമർശനം.
തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡോ. തോമസ് ഐസക്, സി.എസ്. സുജാത എന്നിവർ പങ്കെടുത്തു. സെക്രട്ടറിയേറ്റിന്‍റെ തുടർച്ചയായി ശനിയാഴ്ച ജില്ല കമ്മിറ്റി യോഗവും ചേരും.
നേരത്തെ, സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും പിണറായിയും ഗോവിന്ദനും വിമർശനം നേരിട്ടിരുന്നു. എം.വി. ഗോവിന്ദൻ സ്ഥാനമൊഴിയുന്നതാണ് നല്ലതെന്നും പിണറായി വിജയൻ ശൈലി മാറ്റാൻ തയാറാകണമെന്നും അഭിപ്രായമുയർന്നു. തെരഞ്ഞെടുപ്പ് അവലോകനങ്ങളുടെ രീതിയിലും കാരണം കണ്ടെത്തലുകളിലും പരമ്പരാഗത ശൈലി ഉടച്ചുവാർക്കണമെന്ന അഭിപ്രായമായിരുന്നു മറ്റൊന്ന്. യോഗത്തിന് സമയം മുൻകൂട്ടി നിശ്ചയിച്ച ശേഷം ചർച്ചകൾ അപൂർണമായി അവസാനിപ്പിക്കുന്നതിലും വിമർശനമുണ്ടായി. ഇക്കാര്യം യോഗത്തിൽ പങ്കെടുത്ത ജനറൽ സെക്രട്ടറി എം.എ. ബേബി അംഗീകരിക്കുകയും ചെയ്തു.
പാർട്ടിക്കുള്ളിൽ ശക്തമായി ഉയർന്ന എതിർവികാരം തിരിച്ചറിയാൻ കഴിയാതിരുന്നത് വലിയ വീഴ്ചയായി എന്നതാണ് സെക്രട്ടറിയേറ്റിന്‍റെ കുറ്റസമ്മതം. കനത്ത പ്രഹരത്തെ കണക്കു നിരത്തി ന്യായീകരിക്കാൻ നിൽക്കരുത്. നേതാക്കൾ പറയുന്നതെല്ലാം അതേ പടി ഉൾക്കൊണ്ടും അനുസരിച്ചും നീങ്ങുന്ന അണികളെ എപ്പോഴും പ്രതീക്ഷിക്കരുത്. കണ്ണൂരിലടക്കം തെറ്റായ തീരുമാനങ്ങളുണ്ടായി എന്ന വിമർശനവും ചർച്ചയിലുണ്ടായി. ആത്മപരിശോധനക്കും തിരുത്തലിനും തയാറായേ തീരൂ. സമീപകാലത്തൊന്നും ഉയരാത്ത വിമർശങ്ങൾ പിണറായി വിജയനും പാർട്ടി സെക്രട്ടറിയും കേട്ടിരുന്നു. സ്വജനപക്ഷപാതത്തിലായിരുന്നു ആരോപണങ്ങളേറെയും. ചുറ്റും നിൽക്കുന്നവർ ചെയ്യുന്നതെന്തും ന്യായീകരിക്കുന്ന ശൈലി അപകടം ചെയ്തുവെന്നാണ് വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.