എസ്.എസ്.എൽ.സി പരീക്ഷ ഫലപ്രഖ്യാപനം നടത്തുന്ന പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്

എസ്.എസ്.എൽ.സി ഫലം; പ്രഖ്യാപനം നടത്തിയത് പഴയ റാങ്കുകാരി

തിരുവനന്തപുരം: മന്ത്രി ഒഴിഞ്ഞ കസേരയിൽ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിക്കാനെത്തിയത് പഴയ എസ്.എസ്.എൽ.സി റാങ്കുകാരി. പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ വിദ്യാഭ്യാസ മന്ത്രിയുടെ അഭാവത്തിൽ വെള്ളിയാഴ്ച എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫിനാണ് മധുരമുള്ള റാങ്കിന്‍റെ കഥപറയാനുള്ളത്.

1986ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മൂന്നാം റാങ്കുകാരിയായിരുന്നു ഷർമിള. വാർത്തസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് പഴയ റാങ്കിന്‍റെ കഥ പങ്കുവെച്ചത്. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് സ്കൂൾ വിദ്യാർഥിയായിരിക്കെയാണ് റാങ്ക് നേട്ടം. 600ൽ 580 മാർക്കോടെയായിരുന്നു റാങ്ക്. റാങ്ക് നേട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടെലിഫോണിൽ വിളിച്ചതും ഷർമിള ഓർത്തെടുത്തു. 40 വർഷം മുമ്പത്തെ റാങ്ക് നേട്ടത്തിന്‍റെ പത്രവാർത്തകൾ ഷർമിള ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മാർക്കും റാങ്കും മാറി ഗ്രേഡിങ് കൊണ്ടുവന്നത് വിദ്യാർഥികളിൽ സമ്മർദം കുറക്കാൻ സഹായിച്ചെന്ന് അവർ പറഞ്ഞു. എം.ബി.ബി.എസ് പഠനത്തിന് ശേഷമാണ് ഷർമിള ഐ.എ.എസ് നേടി സിവിൽ സർവിസിലെത്തിയത്. പുതിയ സർക്കാർ അധികാരമേറ്റ് വിദ്യാഭ്യാസ മന്ത്രി വരുന്നത് വരെ പരീക്ഷാഫലം വൈകേണ്ടെന്ന് യു.ഡി.എഫ് തലത്തിൽനിന്ന് സർക്കാറിന് നിർദേശം ലഭിച്ചതോടെയാണ് മന്ത്രിക്ക് പകരം പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപനത്തിനെത്തിയത്.

Tags:    
News Summary - SSLC results; Announcement made by a former rank holder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.