ഇ- ഗ്രാൻഡ് കുടിശ്ശിക വിതരണം ചെയ്തുവെന്ന് ഒ.ആർ. കേളു

തിരുവനന്തപുരം : സംസ്ഥാനത്തെ പട്ടികജാതി -പട്ടികവർഗ വിദ്യാർഥികളുടെ ഇ- ഗ്രാൻഡ് കുടിശ്ശിക വിതരണം ചെയ്തുവെന്ന് ഒ.ആർ. കേളു. സ്കോളർഷിപ്പ് ലഭ്യമാകാത്തതിനാൽ വിദ്യാർഥികളുടെ പഠനം മുടങ്ങിയത് ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇ-ഗ്രാന്റ്റ് സ്കോളർഷിപ്പ് വിതരണം മുടങ്ങുന്ന സാഹചര്യം നിലവിലില്ലെന്നും മന്ത്രി നിയമസഭയെ അJറിയിച്ചു.

പട്ടികവർഗ വിഭാഗ വിദ്യാർഥികളുടെ 2023-24 വർഷം വരെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഇ-ഗ്രാൻറ്സ് മുഖേന പൂർണമായും അനുവദിച്ചു നൽകി. നടപ്പു സാമ്പത്തിക വർഷത്തെ ആനുകൂല്യങ്ങൾ അനുവദിച്ചു വരുന്നു. അപ്രൂവൽ ലഭിച്ച പട്ടികജാതി വിദ്യാർഥികളുടെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെടിക് സ്കോളർഷിപ്പ് ക്ലെയിമുകൾ 2024 -25 സാമ്പത്തിക വർഷം ബഡ്‌ജറ്റിൽ ലഭ്യമായ 223 കോടി രൂപയും, അധിക തുക വകയിരുത്തിയത് മുഖേന ലഭിച്ച 110 കോടി രൂപയും ഉൾപ്പടെ 333 കോടി രൂപ പൂർണമായും വിനിയോഗിച്ച് കൊണ്ട് കടിശിക വിതരണം ചെയ്തിട്ടുണ്ട്.

2024-25 അധ്യയന വർഷത്തെ അപ്രൂവൽ ലഭിച്ച സ്കോളർഷിപ്പ് ക്ലെയിമുകൾ ലഭ്യമായ തുക ഉപയോഗിച്ച് വിതരണം ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന ക്ലെയിമുകളിലെ തുക വിതരണം പൂർത്തീകരിക്കുന്നതിനായി ബന്ധപ്പെട്ട ശീർഷകത്തിൽ നിന്നും അധിക തുക വകയിരുത്തി നൽകുന്നതിനായുള്ള നടപടികൾ സ്വീകരിച്ച് വരുന്നു. പട്ടികജാതി വിഭാഗ വിദ്യാഥികളുടെ 2023-24 അധ്യയന വർഷം വരെയുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് പൂർണമായും വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ മോൻസ് ജോസഫ്, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ എന്നിവർക്ക് മറുപടി നൽകി.

അതേസമയം, 2024-25 വർഷത്തെ ഇ ഗ്രാൻഡ് ലഭിച്ചിട്ടില്ലെന്ന് വിദ്യാർഥികൾ. സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളം വരുന്ന എസ്.സി എസ്.ടി വിദ്യാർഥികൾക്ക് തുക എന്ന് ലഭിക്കുമെന്ന് പോലും നിശ്ചയമില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കുടിശ്ശിക കൊടുത്തതിനെക്കുറിച്ചാണ് മന്ത്രി മറുപടി പറഞ്ഞത്. എത്ര വിദ്യാർഥികൾക്ക് എത്ര രൂപ കൊടുക്കാനുണ്ടെന്ന കണക്ക് ഡയറക്ടറേറ്റിൽ പോലും ലഭ്യമല്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.    

Tags:    
News Summary - E grand arrears were disbursed by O.R. kelu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.