കുന്ദമംഗലം: സോഫ്റ്റ് വെയറിലെ പിഴവ് കാരണം വാട്ടർ അതോറിറ്റിയുടെ ഇ-അബാക്കസ് സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ.
ഇക്കഴിഞ്ഞ സെപ്റ്റംബർ 10ന് 'മാധ്യമം' നൽകിയ 'വാട്ടർ അതോറിറ്റിയിൽ ചോരുന്നത് കോടികൾ' എന്ന വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു വാട്ടർ അതോറിറ്റിയുടെ നടപടി. വാർത്ത വന്നശേഷം ഈ വിഷയത്തിൽ വാട്ടർ അതോറിറ്റിയുടെ രണ്ട് ഉന്നതതല യോഗങ്ങൾ നടന്നു.
രണ്ടാമത്തെ യോഗത്തിനുശേഷം ജല അതോറിറ്റിയുടെ ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ (ഡി.ബി.എ) ഇന്റേണൽ റിപ്പോർട്ട് ഇറക്കുകയും ചെയ്തു. ഇ-അബാക്കസ് സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നാണ് റിപ്പോർട്ടിലുള്ളത്.
സോഫ്റ്റ് വെയറിലെ പിഴവ് വളരെ കുറച്ച് ഗാർഹികേതര ഉപഭോക്താക്കൾക്ക് മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നും ഇവരുടെ പിഴ ഇനത്തിൽ ജല അതോറിറ്റിക്ക് കുറച്ചുമാത്രമേ നഷ്ടമുണ്ടായിട്ടുള്ളൂ എന്നുമാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ, സോഫ്റ്റ് വെയറിലെ പിഴവ് എല്ലാ ഗാർഹികേതര ഉപഭോക്താക്കൾക്കും ഒരുപോലെയാണ് പിഴയിനത്തിൽ ബില്ലിൽ കാണിക്കുക എന്നും അതുകൊണ്ടുതന്നെ നഷ്ടം കൂടുതലാണെന്നുമാണ് വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.
വിഷയം ലഘൂകരിക്കാനാണ് വളരെ കുറച്ച് ഗാർഹികേതര ഉപഭോക്താക്കളുടെ പിഴത്തുക മാത്രമേ വാട്ടർ അതോറിറ്റിക്ക് നഷ്ടപ്പെട്ടിട്ടുള്ളൂവെന്ന് ന്യായീകരിക്കുന്നത്. വെള്ളക്കരം അടക്കുന്നതിൽ പിഴവ് വരുത്തുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് മാസം അഞ്ചു രൂപയും ഗാർഹികേതര ഉപഭോക്താക്കൾക്ക് ബിൽ തുകയുടെ രണ്ടു ശതമാനവും പിഴയടക്കാൻ വൈകുന്ന ദിവസങ്ങൾ കണക്കുകൂട്ടി കൂട്ടുപലിശയും പിഴയായി ഈടാക്കുകയായിരുന്നു ചെയ്തിരുന്നത്.
2022 ജനുവരിയിൽ ഹൈകോടതി ഗാർഹികേതര ഉപഭോക്താക്കളുടെ കൂട്ടുപലിശ ഒഴിവാക്കാൻ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഇ-അബാക്കസ് സോഫ്റ്റ് വെയറിൽ മാറ്റംവരുത്തിയപ്പോഴാണ് പിഴവുണ്ടായത്.
ഗാർഹികേതര ഉപഭോക്താക്കൾ അടക്കുന്ന പിഴത്തുക സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തുന്നത് അധിക തുക അടച്ചതായാണ്. അടുത്ത മാസത്തെ ബില്ലിൽനിന്ന് ഈ അധിക തുക കുറച്ചുകൊണ്ടാണ് പുതിയ ബിൽ സോഫ്റ്റ് വെയർ രേഖപ്പെടുത്തിയിരുന്നത്. ഈ ഇനത്തിൽ വൻ തുകയാണ് നഷ്ടം വന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.