ആർ. സുഗതൻ, രമേശ് ചെന്നിത്തല
തിരുവനന്തപുരം: കാപ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ ആര്. സുഗതന്റെ അവധി അപേക്ഷയില്‍ അനുകൂല ഉത്തരവിറക്കിയ സംഭവത്തിൽ തദ്ദേശ, ആഭ്യന്തര വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർക്കെതിരെ നടപടിക്ക് സാധ്യത. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. സുഗതന് ‘ജീവവായുവായ’ ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത് തദ്ദേശ വകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണെന്ന് വ്യക്തമായി. തദ്ദേശ വകുപ്പാണ് സുഗതന് അവധിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.
അവധി അപേക്ഷ കൗണ്‍സില്‍ പാസാക്കിയാല്‍ സുഗതന്റെ അംഗത്വം സുരക്ഷിതമായിരിക്കുമെന്ന് തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്കാര്യം അംഗീകരിച്ചുള്ള ഉത്തരവാണ് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി പുറത്തിറക്കിയത്. അതാണ് സുഗതന് അയോഗ്യനാകാതെ രക്ഷയായത്. വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് സുഗതന്റെ അവധി അപേക്ഷ മേയറുടെ കാസ്റ്റിങ് വോട്ടോടെ പാസാക്കിയത്.
സുഗതന്റെ അവധി അപേക്ഷ തള്ളാൻ തദ്ദേശമന്ത്രി കെ.എം. ഷാജി നിർദേശം നൽകിയിരുന്നതായാണ് വിവരം. അങ്ങനെയെങ്കിൽ അതിന് വിപരീതമായി ഉത്തരവ് ഇറക്കിയ അണ്ടർ സെക്രട്ടറിക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഈ വിഷയത്തിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമക്കെതിരെ അന്വേഷണം ആരംഭിച്ചു.
ആഭ്യന്തരമന്ത്രിയോ സെക്രട്ടറിയോ അറിയാതെ വകുപ്പിൽനിന്ന് ഉത്തരവിറക്കിയ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി നമിതക്കെതിരെ കഴിഞ്ഞദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സുഗതന് അനുകൂലമായ സർക്കാർ ഉത്തരവുകൾ എൽ.ഡി.എഫ് രാഷ്ട്രീയായുധമാക്കിയിരിക്കുകയാണ്. ബി.ജെ.പി -യു.ഡി.എഫ് ഡീലെന്ന ആരോപണം പിണറായി വിജയൻ ഉൾപ്പെടെ ഉന്നയിക്കുമ്പോൾ കോർപറേഷനിലെ യു.ഡി.എഫ് കക്ഷിനേതാവ് കെ.എസ്. ശബരീനാഥനും ഉത്തരവിനെ രൂക്ഷമായി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.