കു​ട​യ​ത്തൂ​ർ അ​ടൂ​ർ മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച സു​മ​തി​യു​ടെ വീ​ട്​ ത​ക​ർ​ന്ന നി​ല​യി​ൽ

അതിതീവ്രമഴ: മുന്നൊരുക്കവും മുന്നറിയിപ്പുകളും പാളി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്കുള്ള സാധ്യത മുന്നിലുണ്ടായിട്ടും മുന്നൊരുക്കവും മുന്നറിയിപ്പുകളും ഇക്കുറിയും പാളി. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ മഴക്കാലത്ത് കൈക്കൊള്ളേണ്ട കാര്യങ്ങളും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നത് സംബന്ധിച്ചും ദിവസങ്ങൾക്ക് മുമ്പ് തീരുമാനങ്ങൾ കൈക്കൊണ്ടെങ്കിലും അതിതീവ്ര മഴയുണ്ടായപ്പോൾ മുന്നൊരുക്കങ്ങളൊന്നും പ്രകടമായില്ലെന്നാണ് ആക്ഷേപം. അതിതീവ്ര മഴയുണ്ടായ ജില്ലകളിൽ നേരത്തെ മുന്നറിയിപ്പ് നൽകി ഉചിത നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വന്നെന്ന നിലക്കാണ് കാര്യങ്ങൾ. പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ശനിയാഴ്ച രാവിലെ വരെയുണ്ടായിരുന്നത് ഓറഞ്ച് അലർട്ട് മാത്രമാണ്.

ദുരന്തങ്ങൾ മുമ്പും നേരിട്ട മലയോര മേഖലകളിൽ പോലും ജാഗ്രത നിർദേശമുണ്ടായിരുന്നില്ല. മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതും ശനിയാഴ്ച രാവിലെയായിരുന്നു. പത്തനംതിട്ട ളാഹയിൽ 25 സെന്‍റി മീറ്റർ, ഇടുക്കി പീരുമേടും തൊടുപുഴയിലും 21 സെന്‍റിമീറ്റർ വീതം മഴയാണ് പെയ്തത്. റെഡ് അലർട്ടിന് അനുസരിച്ചുള്ള അതിതീവ്ര മഴയാണിത്. എന്നാൽ, വെള്ളിയാഴ്ച രാത്രി ഒമ്പതിന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ സംസ്ഥാനത്ത് എവിടെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. രാത്രി പത്തിന് നൽകിയ തൽസ്ഥിതി മുന്നറിയിപ്പിലും ഓറഞ്ച് അലർട്ട് മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇവിടങ്ങളിൽ റെഡ് അലർട്ടിന് സമാനമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത് രാത്രി 11.15നാണ്.

പത്തനംതിട്ട, ഇടുക്കി, കോട്ടയം അടക്കമുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതാകട്ടെ ശനിയാഴ്ച രാവിലെ ഏഴിന് മാത്രമാണെന്ന് ചൂണ്ടിക്കാട്ടുന്നു. അപ്പോഴേക്കും ജില്ലകളിൽ ദുരിതം വിതച്ച് മഴ പെയ്തിറങ്ങിയിരുന്നു. കൃത്യമായി റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതിൽ വന്ന വീഴ്ചയാണ് ഈ ജില്ലകളിൽ ജനജീവിതം ദുസ്സഹകമാക്കിയതും ജീവൻ പൊലിയുന്നതിന് കാരണമായതും. മുമ്പും മഴ മുന്നറിയിപ്പ് നൽകുന്നതിലുണ്ടായ പാളിച്ചകളാണ് സംസ്ഥാനത്ത് പല നാശനഷ്ടങ്ങൾക്കും കാരണമായത്. അതിൽ നിന്നൊന്നും പാഠം പഠിച്ചില്ലെന്നാണ് ഇപ്പോഴും വ്യക്തമാകുന്നത്. 

Tags:    
News Summary - Heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.