കനത്ത മഴ: ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും, മതപഠന സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾക്കും ഇന്ന് അവധിയായിരിക്കും. എന്നാൽ, റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെങ്കിലും വിദ്യാർത്ഥികളുടെ സുരക്ഷ കർശനമായി ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

പരീക്ഷകൾ മാറ്റിവെച്ചു

മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന സെറ്റ് (SET), ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ മാറ്റിയിട്ടുണ്ട്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ഇന്നത്തെ പരീക്ഷയും പിന്നീട് നടക്കും. കൂടാതെ, നാളത്തെ എം.ജി. സർവകലാശാല പരീക്ഷയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇടുക്കിയിൽ നടത്താനിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ ചൊവ്വ, ബുധൻ തീയതികളിലേക്ക് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി വ്യക്തമാക്കി. അതേസമയം, മഴയെ തുടർന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്നതും എന്നാൽ എഴുതാൻ കഴിയാത്തതുമായ പത്താംതരം പൊതുപ്രാഥമിക പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് പി.എസ്.സി വീണ്ടും അവസരം നൽകി. ആഗസ്റ്റ് 22നായിരിക്കും ഈ പരീക്ഷ നടക്കുക.

Tags:    
News Summary - Heavy Rains in Kerala: Holiday Declared for Educational Institutions in 9 Districts, Several Exams Postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.