വി.ഡി. സതീശൻ
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറുന്നത് മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികളിലെ സഹായധന വിതരണത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിൽ സർക്കാർ. കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുന്നത് നിയമപരമായി പ്രയാസമാണെന്ന ഉപദേശവും സർക്കാറിന് ലഭിച്ചതായാണ് വിവരം. മറ്റ് കേന്ദ്ര ഫണ്ടുകളും നിലച്ചാൽ ഏറെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സംസ്ഥാനത്തിന് അത് തിരിച്ചടിയാകും.
എന്നാൽ, മുന്നണിയിൽ ചർച്ചചെയ്തശേഷമേ ഈ വിഷയത്തിൽ അന്തിമതീരുമാനം കൈക്കൊള്ളൂവെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷമാകും പി.എം ശ്രീയുമായി മുന്നോട്ടുപോകണോ എന്ന് തീരുമാനിക്കുക. പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ കേന്ദ്രത്തിന് മുന്നിൽ വെക്കുന്ന ഉപാധികളിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് യു.ഡി.എഫ് നിലപാട്.
സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാനത്തിനായിരിക്കണമെന്നും കേരള സിലബസിൽതന്നെ പഠനം തുടരണമെന്നും സർക്കാർ ആവശ്യപ്പെടും. ഇതിൽ കേന്ദ്രം അനുകൂലനിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസഹായം നിർണായകമായ സാഹചര്യത്തിൽ പദ്ധതിയിൽനിന്നുള്ള പിന്മാറ്റം ആലോചിച്ച് മതിയെന്ന അഭിപ്രായം മുന്നണിക്കുള്ളിലുണ്ട്.
തിരുവനന്തപുരം: അധികാരത്തിലെത്തി ചുരുങ്ങിയ സമയത്തിനകം യു.ഡി.എഫ് സർക്കാർ സംഘ്പരിവാറിന് കീഴ്പ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പി.എം ശ്രീ, വന്ദേമാതരം, സർവകലാശാലകളിൽ ആർ.എസ്.എസ് അനുഭാവികളെ കുത്തിനിറക്കൽ, വഖഫ് ബോർഡ് തുടങ്ങി എല്ലാ കാര്യങ്ങളിലും ഇക്കാര്യം തെളിഞ്ഞുവെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പ്രതിപക്ഷത്തിരുന്നപ്പോള്‍ പി.എം ശ്രീയെ എതിർക്കുകയും സി.പി.എം-ബി.ജെ.പി ഡീൽ എന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്ത യു.ഡി.എഫ് ഭരണത്തിലെത്തിയതിന് പിന്നാലെ സ്വന്തം അണികളെപ്പോലും പിന്നിൽനിന്ന് കുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. തടഞ്ഞുവെച്ച എസ്.എസ്.കെ ഫണ്ട് ലഭിക്കാനാണ് പി.എം ശ്രീയുടെ എം.ഒ.യുവില്‍ ഇടതുസര്‍ക്കാര്‍ ഒപ്പിട്ടത്. എന്നാല്‍ നയപരമായ വിഷയമായതിനാല്‍ പിന്നീട് പദ്ധതിയുടെ മറ്റു നടപടിക്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോയില്ല. പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കുകയും ചെയ്തു.
എം.ഒ.യുവില്‍ ഒപ്പിട്ടതിന്റെ പേരിൽ സി.പി.എം -ബി.ജെ.പി ഡീല്‍ ആരോപണം ഉന്നയിച്ച യു.ഡി.എഫ്, ഭരണം ലഭിച്ചപ്പോള്‍ നേരെ മറുകണ്ടം ചാടി പി.എം ശ്രീ നടപ്പാക്കാൻ നയപരമായി തീരുമാനമെടുത്തിരിക്കുകയാണ്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പി.എം ശ്രീ അറബിക്കടലിലെന്ന് പറഞ്ഞ യു.ഡി.എഫ് ഇപ്പോള്‍ സംഘ്പരിവാര്‍ ശക്തികളുമായി ചേര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം നടത്തുകയാണ്. മുഖ്യമന്ത്രിയും ലീഗുമെല്ലാം ഒറ്റയടിക്ക് മറുകണ്ടം ചാടിയത് ഏതു ഡീലിന്റെ ഭാഗമാണെന്ന് വ്യക്തമാക്കണം. എം.ഒ.യുവില്‍ ഒപ്പിട്ടതിനാൽ പിന്മാറാൻ കഴിയില്ലെന്ന യു.ഡി.എഫ് വാദം തെറ്റാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പാർലമെന്റിൽ നൽകിയ മറുപടിയോടെ വ്യക്തമായി. ഇടതു സർക്കാറിന്റെ കാലത്ത് പി.എം ശ്രീ ഫണ്ട് വാങ്ങിയെന്ന യു.ഡി.എഫ് പ്രചാരണം തെറ്റായിരുന്നുവെന്ന് സർക്കാറിന് അംഗീകരിക്കേണ്ടി വന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: പി.എം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുന്നത് കളവാണെന്നും എം.ഒ.യു ഒപ്പിട്ടതിനാൽ പിന്മാറാൻ കഴിയില്ലെന്ന വാദം ശരിയല്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. ബി.ജെ.പിക്കും ആർ.എസ്.എസിനും കേരളത്തിൽ സ്ഥാനമുറപ്പിക്കാൻ ഒത്താശ ചെയ്യുകയാണ് ലീഗ് അടക്കം യു.ഡി.എഫ്. പി.എം ശ്രീയിൽ ഒപ്പിട്ടുപോയി, ഇനി മാറാൻ കഴിയില്ലെന്നാണ് ഭരണത്തിൽ വന്നപ്പോൾ യു.ഡി.എഫ് പറഞ്ഞത്. ഇപ്പോൾ കേന്ദ്ര സർക്കാർതന്നെ പറഞ്ഞു, വേണമെങ്കിൽ പിന്മാറാമെന്ന്.
പദ്ധതി തുടരാതെ വേറെ വഴിയില്ലെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ഇനിയെന്ത് പറയും. എൽ.ഡി.എഫ് സർക്കാർ എം.ഒ.യു മാത്രമാണ് ഒപ്പിട്ടത്. കരാറിലേർപ്പെടാനുള്ള ചർച്ചയുടെ ആദ്യപടി മാത്രമാണത്. പുതിയ സർക്കാർ മൂന്ന് മാസമായപ്പോഴേക്കും 18,000 കോടിയിലധികം കടമെടുത്തു. ഇപ്പോൾ, ഒരു ശതമാനം കൂടി വായ്പയെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ രഹസ്യമായി കാണുകയാണ്. നാട്ടിൽ കടപ്പേടിയുണ്ടാക്കിയവരാണ് ഇത് ചെയ്യുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.