കോട്ടയം/ആലപ്പുഴ: സർക്കാർ ആശുപത്രി പരിസരങ്ങളിൽ കൊടിയും ബാനറും സ്ഥാപിച്ചുള്ള പൊതിച്ചോർ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയെച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയവിവാദം പുകയുന്നു.
മന്ത്രിയുടെ വിലക്ക് പൂർണമായി തള്ളി വിതരണവുമായി മുന്നോട്ടുപോകുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചപ്പോൾ, ആശുപത്രിക്കുള്ളിൽ രാഷ്ട്രീയം അനുവദിക്കില്ലെന്ന നിലപാട് മന്ത്രി ആവർത്തിച്ചു. ഡി.വൈ.എഫ്.ഐക്ക് പിന്തുണയുമായി സി.പി.എം നേതാക്കളും മന്ത്രിയെ വിമർശിച്ച് ബി.ജെ.പിയും രംഗത്തെത്തിയതോടെ വിഷയം വൻ രാഷ്ട്രീയപ്പോരായി മാറി.
ആലപ്പുഴയിൽ നടന്ന പരിപാടിയിലാണ് ബാനർ കെട്ടിയുള്ള പൊതിച്ചോർ വിതരണം അവസാനിപ്പിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയത്. ഇതിന് പകരമായി ആശുപത്രികളിൽ സർക്കാർ മേൽനോട്ടത്തിൽ കമ്യൂണിറ്റി കിച്ചനുകൾ ആരംഭിക്കുമെന്നും താൽപര്യമുള്ളവർക്ക് ഇതിലേക്ക് സംഭാവന നൽകാമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ, ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും മന്ത്രി തന്റെ നിലപാട് ആവർത്തിച്ചു. ആശുപത്രിക്കുള്ളിൽ രാഷ്ട്രീയം പാടില്ലെന്നും എന്നാൽ പുറത്തുനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് തടസ്സമില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. ഇത് യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മന്ത്രിയുടെ നിലപാടിനെതിരെ ഡി.വൈ.എഫ്.ഐ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. കെ. മുരളീധരന്റെ അനുമതി വാങ്ങിയല്ല പൊതിച്ചോർ പദ്ധതി ആരംഭിച്ചതെന്ന് ഡി.വൈ.എഫ്.ഐ നേതാവ് ഡോ. ജെ.എസ്. ഷിജുഖാൻ കോട്ടയത്ത് പറഞ്ഞു. കേരളത്തിന്റെ പൊതുസ്വത്തായ മെഡിക്കൽ കോളജുകളിലാണ് ബാനർ സ്ഥാപിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജനങ്ങൾ സ്വീകരിക്കുന്ന കാലത്തോളം പൊതിച്ചോർ വിതരണം തുടരുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എം.എൽ.എയും വ്യക്തമാക്കി. ചുവപ്പ് കണ്ട കാളയെപ്പോലെ ഡി.വൈ.എഫ്.ഐയുടെ കൊടി കാണുമ്പോൾ ചിലർക്ക് എന്തിനാണ് ഇത്ര അസ്വസ്ഥതയെന്നും അദ്ദേഹം ചോദിച്ചു.
ഭക്ഷണ വിതരണത്തെ ശത്രുതയോടെ കാണരുതെന്നും മന്ത്രിമാർ ഈഗോ ഒഴിവാക്കണമെന്നും സി.പി.എം നേതാവ് പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. വീടുകളിൽനിന്ന് ശേഖരിച്ച് ഡി.വൈ.എഫ്.ഐ നൽകുന്ന പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയുമായി ചർച്ച നടത്താൻ ആരോഗ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രികളിലെ പൊതിച്ചോർ വിതരണം തടയരുതെന്നും പാവപ്പെട്ടവരുടെ അന്നം മുടക്കരുതെന്നും സി.പി.എം നേതാവ് എം. സ്വരാജും പ്രതികരിച്ചു.
വിഷയത്തിൽ ആരോഗ്യമന്ത്രിക്കെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും രംഗത്തെത്തി. സർക്കാരിന്റെ കമ്യൂണിറ്റി കിച്ചൻ പദ്ധതി പ്രായോഗികമല്ലെന്നും, വിവിധ സംഘടനകൾ നടത്തിവരുന്ന പൊതിച്ചോർ വിതരണത്തെ എതിർക്കേണ്ടതില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പരിസരങ്ങളിൽ രാഷ്ട്രീയ ചേരിതിരിവ് ശക്തമായതോടെ വരും ദിവസങ്ങളിലും വിഷയം സജീവ ചർച്ചയാകുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.