മയക്കുമരുന്ന് പാര്‍ട്ടി, റിയല്‍ എസ്റ്റേറ്റ്... ക്വട്ടേഷന്‍ വഴികളിലൂടെ

2015നെ അപേക്ഷിച്ച് 2016ല്‍ കൊച്ചിയില്‍ മിക്ക കുറ്റകൃത്യങ്ങളും എണ്ണത്തില്‍ കുറഞ്ഞുവെന്നാണ് കൊച്ചി പൊലീസ് പുറത്തുവിട്ട കണക്ക്. ഒരുകാര്യത്തില്‍ മാത്രം കുറ്റകൃത്യങ്ങളുടെ എണ്ണം ഇരട്ടിയായി; മയക്കുമരുന്ന് കടത്തും ഉപയോഗവും. 2015ല്‍ കൊച്ചിയില്‍ 654 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2016ലത് 1164 ആയി ഉയര്‍ന്നു. മയക്കുമരുന്ന് കൈവശംവെച്ചതിനും ഉപയോഗിച്ചതിനും പിടിയിലായവരുടെ എണ്ണം 2015ലെ 781ല്‍നിന്ന് കഴിഞ്ഞവര്‍ഷം 1343 ആയി ഉയരുകയും ചെയ്തു. 55.8 കിലോ കഞ്ചാവ് 2015ല്‍ പിടിച്ചെടുത്തുവെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 74 കിലോയായി. പിടിക്കപ്പെടാതെ പോയ കഞ്ചാവിന്‍െറയും മയക്കുമരുന്നിന്‍െറയും എണ്ണം ഇതിലുമെത്രയോ. രാജ്യത്തെ മയക്കുമരുന്ന് ഉപയോഗത്തില്‍ കൊച്ചി രണ്ടാം സ്ഥാനത്തത്തെി എന്ന് പറഞ്ഞത് എക്സൈസ് കമീഷണറാണ്.

രണ്ടാഴ്ചമുമ്പ് കൊച്ചിക്കടുത്ത ചേരാനല്ലൂരില്‍ 280 ആംപ്യൂള്‍ മയക്കുമരുന്നുമായി ശ്യാം, സനില്‍ എന്നിവര്‍ പിടിയിലായിരുന്നു. മയക്കുമരുന്നിന്‍െറ അളവല്ല; അവരുടെ ഫോണിലുള്ള പേരുകളാണ് പൊലീസിനെ അമ്പരപ്പിച്ചത്. ഇടപാടുകാരില്‍ പലരും സിനിമ-സീരിയല്‍ പ്രവര്‍ത്തകര്‍.

ആദ്യകാലങ്ങളില്‍ സിനിമയുടെ പിന്നാമ്പുറങ്ങള്‍ കീഴടക്കിയിരുന്നത് മദ്യമായിരുന്നു. എന്നാല്‍, ന്യൂജെന്‍ ആയതോടെ മദ്യത്തിന്‍െറ സ്ഥാനം മയക്കുമരുന്ന് ഏറ്റെടുത്തു. കഞ്ചാവും മദ്യവും മുഖ്യപ്രമേയമായി സിനിമകള്‍ തുടരെ വന്നുതുടങ്ങി. ഒരു സിനിമക്കായി കഞ്ചാവ് തോട്ടം സെറ്റിടുന്നതിന് ചൈനക്കാരന്‍െറ സഹായവും തേടേണ്ടിവന്നു. യഥാര്‍ഥത്തില്‍ കഞ്ചാവ് തോട്ടം സെറ്റാക്കിയാല്‍ നിയമപ്രശ്നം നേരിടേണ്ടിവരുമെന്നതിനാല്‍ ചൈനയില്‍നിന്ന് ‘കഞ്ചാവുതോട്ടം’ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. കേരളത്തില്‍നിന്ന് പൂത്തുനില്‍ക്കുന്ന കഞ്ചാവുചെടിയുടെ ചിത്രം ഇ-മെയിലായി ചൈനയിലത്തെി. അവിടെ നിര്‍മിച്ച കൃത്രിമ കഞ്ചാവുചെടികള്‍ കണ്ടയ്നറില്‍ കപ്പലുകയറി കൊച്ചിയിലത്തെി കഞ്ചാവ് തോട്ടമായി മാറി. ഷൂട്ടിങ് കഴിഞ്ഞ് ഈ കഞ്ചാവുചെടികള്‍ എറണാകുളത്തെ നിര്‍മാണക്കമ്പനിയുടെ ഗോഡൗണിലുണ്ടായിരുന്നു. 

കോക്കാച്ചിമാര്‍ വാഴുന്നിടം
കാമറക്ക് പിന്നില്‍ അതിഭീകരമായിരുന്നു അവസ്ഥ. ‘ന്യൂജെന്‍’ സിനിമകളില്‍ പലതിന്‍െറയും കഥാചര്‍ച്ച മുതല്‍ റിലീസിങ് വരെയുള്ള ജോലികളില്‍ കഞ്ചാവിന്‍െറ പുകയും മരുന്നിന്‍െറ ലഹരിയും അനിവാര്യമായി. മുതിര്‍ന്ന സിനിമാപ്രവര്‍ത്തകര്‍ പരസ്യമായി പറഞ്ഞ കാര്യമാണിത്. കഥാചര്‍ച്ചക്കിടെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകനെ കാണാനത്തെിയ മാധ്യമപ്രവര്‍ത്തകന്‍ സാക്ഷിയായത് ലഹരിമൂത്ത് പല്ലിയെപ്പോലെ ചുമരില്‍ കൈപരത്തിപ്പിടിച്ച് ബാത്ത്റൂം അന്വേഷിച്ച് നടക്കുന്ന യുവനടനെയായിരുന്നു. പുതിയ തലമുറ സംവിധായകരില്‍പ്പെട്ട ഒരാള്‍ ലഹരിമൂത്ത് കുണ്ടന്നൂരിലെ ഫ്ളാറ്റില്‍നിന്ന് പൂര്‍ണ നഗ്നനായി വീട്ടമ്മയുടെ മുന്നിലേക്ക് ചാടിയ സംഭവം വരെയുണ്ടായി. 

മറ്റൊന്ന്, ലഹരി പാര്‍ട്ടിയില്‍നിന്ന്  പുതുതലമുറ നായകനെ പൊലീസ് പിടികൂടിയതായിരുന്നു.  ഈ കേസില്‍ ഇയാള്‍ കുറെക്കാലം ജയിലിലുമായി.  2015 ജനുവരി 31നാണ് യുവനടന്‍ ലഹരിയുപയോഗത്തിനിടെ കടവന്ത്രയിലെ ഫ്ളാറ്റില്‍നിന്ന് പിടിയിലായത്. ഒപ്പം  ഒരു സഹസംവിധായികയും മൂന്ന് മോഡലുകളുമുണ്ടായിരുന്നു. ഇവരില്‍നിന്ന് കൊക്കെയ്നും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. ലാപ്ടോപ്പില്‍ ഏതാനും സിനിമാപ്രവര്‍ത്തകര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങളുമുണ്ടായിരുന്നു. പക്ഷേ, യുവനടനെ അറസ്റ്റുചെയ്തതോടെ പൊലീസ് നടപടി അവസാനിച്ചു.

ഏറെ താമസിയാതെ എറണാകുളത്തുതന്നെ നക്ഷത്ര ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിയില്‍നിന്ന് പിടിയിലായ ‘കോക്കാച്ചി’ എന്നുവിളിക്കുന്ന മിഥുനില്‍നിന്ന് പൊലീസിന് സിനിമക്കകത്തെ മയക്കുമരുന്ന് സ്വാധീനത്തിന്‍െറ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഗോവയില്‍നിന്ന് കേരളത്തിലേക്ക് കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളത്തെിച്ച് ഇത് സിനിമക്കാര്‍ക്കിടയില്‍ വിതരണംചെയ്യുന്ന ജോലിയിലാണ് കോക്കാച്ചി ഏര്‍പ്പെട്ടിരുന്നത്. ലഹരിമരുന്ന് പാര്‍ട്ടികളില്‍വെച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരെ കണ്ടുമുട്ടുന്നതും ഇടപാടുകാരാക്കുന്നതും. എറണാകുളത്തെ ചില വീടുകളില്‍ നടത്തിയ ലഹരി പാര്‍ട്ടികളില്‍ സിനിമാപ്രവര്‍ത്തകരെ കണ്ടുമുട്ടിയതായും പറയുന്നു. ഏതായാലും അന്വേഷണം മുന്നോട്ടുപോയില്ല.

എറണാകുളത്തുതന്നെ ആഡംബര നൗകയില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ കേസിലും പൊലീസ് അന്വേഷിച്ചത്തെിയത് സിനിമാ നിര്‍മാതാവിനടുത്തുവരെ. ഈ കേസില്‍ വീര പരിവേഷവുമായി കറുത്ത ഗ്ളാസുവെച്ച് ആഡംബര നൗകയില്‍ കയറിയിറങ്ങി ചാനലുകള്‍ക്കുമുന്നില്‍ ആളുകളിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍മാതാവിന്‍െറ പങ്ക് വ്യക്തമായതോടെ പത്തിമടക്കി.

(തുടരും)

 

Tags:    
News Summary - drug party,realestate, quatation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.