ഗസ്സക്കടുത്ത ഖാൻ യൂനിസിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഉറ്റവരുടെ മൃതദേഹത്തിനരികെ വിതുമ്പുന്നവർ
ഗസ്സ: ഐക്യരാഷ്ട്രസഭയുടെയും യു.എസിന്റെയും കാർമികത്വത്തിൽ കഴിഞ്ഞ ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ വൻ ഇസ്രായേൽ ആക്രമണം. ഗസ്സ സിറ്റിയിലും ഖാൻ യൂനിസിലും ശനിയാഴ്ച പുലർച്ചെ മുതൽ നടന്ന വ്യോമാക്രമണങ്ങളിൽ ചുരുങ്ങിയത് 29 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ മെഡിക്കൽ അധികൃതർ അൽജസീറയോട് പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ആറു സ്ത്രീകളും ആറു കുട്ടികളുമുണ്ട്. വെടിനിർത്തൽ കരാർ നിരന്തരം ലംഘിക്കുന്ന ഇസ്രായേൽ സേന ഒക്ടോബർ 10 മുതൽ ഇതുവരെയായി 500 ലേറെ ഫലസ്തീനികളെ കൊലചെയ്തതായി ഗസ്സ സർക്കാർ മാധ്യമ വിഭാഗം അറിയിച്ചു. ഇസ്രായേലിന്റെ പുതിയ ആക്രമണ പരമ്പരയെ ‘ആവർത്തിക്കുന്ന ഗുരുതര കരാർ ലംഘന’മെന്ന് വിശേഷിപ്പിച്ച ഹമാസ്, ഇത് അവസാനിപ്പിക്കാൻ യു.എസും മറ്റ് മധ്യസ്ഥ രാജ്യങ്ങളും മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണോദ്ദേശ്യം ഇസ്രായേൽ വ്യക്തമാക്കിയിട്ടില്ല.
2024 മേയിൽ അടച്ച റഫ അതിർത്തി ഇന്ന് തുറക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശനിയാഴ്ചത്തെ ക്രൂരമായ വ്യോമാക്രമണം. അതിർത്തി പാതകൾ തുറക്കുകയെന്നതാണ് വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടത്തിലെ പ്രധാന നിർദേശങ്ങളിലൊന്ന്.
രണ്ടുവർഷം നീണ്ട ഗസ്സ വംശഹത്യ കാലത്തെ ഓർമിപ്പിക്കുംവിധം ശനിയാഴ്ച ആക്രമണം അഴിച്ചുവിടാൻ ഇസ്രായേലിനെ പ്രേരിപ്പിച്ചതെന്ത് എന്ന് വ്യക്തമായിട്ടില്ല. റഫ അതിർത്തി തുറക്കുമെന്ന് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണോ അവർ പുതിയ സംഘർഷമുഖം തുറക്കുന്നതെന്നും ആശങ്കയുണ്ട്. വെടിനിർത്തൽ നിർദേശങ്ങൾ ഹമാസ് ലംഘിച്ചുവെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് കഴിഞ്ഞ ദിവസം ആരോപിച്ചതുതന്നെ പുതിയ ആക്രമണത്തിനുള്ള മുന്നൊരുക്കമായിരുന്നുവെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ടെന്റ് ക്യാമ്പിനുനേരെ നടത്തിയ വ്യോമാക്രമണത്തിൽ തീപിടിത്തമുണ്ടായി ഏഴുപേരാണ് കൊല്ലപ്പെട്ടതെന്ന് നാസർ ഹോസ്പിറ്റൽ വൃത്തങ്ങൾ അറിയിച്ചു. ഗസ്സ സിറ്റിയിലെ താമസ സമുച്ചയത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മൂന്നു കുട്ടികളും രണ്ട് സ്ത്രീകളും ദാരുണമായി കൊല്ലപ്പെട്ടതെന്ന് ഷിഫ ഹോസ്പിറ്റൽ വൃത്തങ്ങളും പറഞ്ഞു. പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണത്തിൽ 11 ഉദ്യോഗസ്ഥരും മരിച്ചു. ഈ ആക്രമണത്തിലും സിവിലിയന്മാർ മരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.