'ശബരിമല ഉൾപ്പെടെയുള്ള തിരക്കുള്ള ആരാധനാലയങ്ങളിൽ കൈക്കുഞ്ഞുമായി വരുന്നത് വിശ്വാസമല്ല, ശുദ്ധ തെമ്മാടിത്തമാണ്'; സൗമ്യ സരിൻ

കോഴിക്കോട്: മതവും വിശ്വാസവുമൊക്കെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അതിനെ അംഗീകരിക്കുമ്പോൾ തന്നെ നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന രീതിയിൽ വിശ്വാസം അന്ധമാകരുതെന്നും ഡോ.സൗമ്യ സരിൻ.

ശബരിമലയിൽ തിരക്ക് നിയന്ത്രണാതീതമായി തുടരുമ്പോൾ ആറുമാസം പ്രായമായ കൈകുഞ്ഞുമായി ദർശത്തിനെത്തിയ സംഭവത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയായിരുന്നു സൗമ്യ. ഇത്രയധികം ആളുകൾ വരുന്ന ആരാധനാലയങ്ങളിലേക്ക് കൈകുഞ്ഞുങ്ങളുമായി പോകുന്നത് ഭക്തിയല്ല, ശുദ്ധ മണ്ടത്തരവും തെമ്മാടിത്തരവുമാണെന്ന് സൗമ്യ സരിൻ പറഞ്ഞു.

ഏത് മതത്തിന്റെ ആരാധന കേന്ദ്രങ്ങളിലായാലും ഇത് തന്നെയാണ് അവസ്ഥ. തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നത് നമ്മൾ കാണുന്നതാണ്. നമ്മൾ നിസ്സഹായരായി പോകുന്ന തിരക്കുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഇത്രയും ചെറിയ കുഞ്ഞുങ്ങളുമായി പോകുന്നതിനെ ഭക്തിയെന്നല്ല വിളിക്കേണ്ടെതെന്ന് സൗമ്യ പറഞ്ഞു.

പലമതവിശ്വാസങ്ങളിലും ആചാരങ്ങളുടെ പേരിൽ കുഞ്ഞുങ്ങളെ വേദനിപ്പിക്കാറുണ്ട്. കുട്ടികളെ ശൂലംകുത്തുക, ഗുരഡൻ തൂക്കുക തുടങ്ങിയവ. ഇങ്ങനെ ശരീരികമായി വേദന നൽകുന്നതിനെ ആചാരമെന്നല്ല പറയേണ്ടത്. ബാലപീഡനം തന്നെയാണെന്ന് സൗമ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.

എല്ലാ മതത്തിലും ഇത് നടക്കുന്നുണ്ട്. ഇതൊക്കെ പറയുമ്പോൾ സൈബർ ആക്രമണം നേരിടാൻ സാധ്യതയുണ്ടെന്ന് അറിയാം. വളരെ സെൻസിറ്റീവായ വിഷയമാണ് കൈകാര്യം ചെയ്യുന്നത് അറിയാം. പക്ഷേ നിലപാടിൽ മാറ്റമില്ല. വിശ്വാസികളോട് ഒരു പുച്ഛവുമില്ല. കുട്ടിയായിരിക്കുമ്പോൾ താനും മൂന്ന് തവണ ശബരിമലയിൽ പോയിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഭക്തി എന്നത് അന്ധമായതല്ലെന്ന് സൗമ്യ പറഞ്ഞു. ഞാൻ വിശ്വസിക്കുന്ന ദൈവം കുഞ്ഞുങ്ങൾക്ക് വേദന ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നയാളല്ല. ദൈവം നമുക്ക് വിവേചന ബുദ്ധി തന്നിട്ടുണ്ട്. അത് പ്രയോഗിക്കുമെന്നാണ് ദൈവം പ്രതീക്ഷിക്കുന്നത്. ഇത്തരം അപകടങ്ങളിൽ ചാടാതിരിക്കാനാണ് വിവേചന ബുദ്ധി പ്രയോഗിക്കേണ്ടതെന്നും സൗമ്യസരിൻ പറഞ്ഞു. 


Full View


Tags:    
News Summary - Dr. Soumya Sarin opposes taking infants to Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.