ഡോ. ഹാരിസ് പറഞ്ഞത് കാലങ്ങളായി പ്രതിപക്ഷം ആവര്‍ത്തിച്ച കാര്യങ്ങളെന്ന് വി.ഡി. സതീശൻ; ‘പി.ആര്‍ ഏജന്‍സികളുടെ നറേറ്റീവല്ല യഥാർഥ ആരോഗ്യ കേരളം’

പറവൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ന്യൂറോളി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്‍റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിലും നിയമസഭക്ക് പുറത്തും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കാലത്തും പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് മെഡിക്കല്‍ കോളജിലെ വകുപ്പ് മേധാവിയില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. എല്ലാ മെഡിക്കല്‍ കോളജുകളിലും ഇതു തന്നെയാണ് അവസ്ഥയെന്നും സതീശൻ വ്യക്തമാക്കി.

കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി യു.ഡി.എഫ് നിയോഗിക്കുന്ന ഹെല്‍ത്ത് കമ്മിഷന്‍ നാളെ മുതല്‍ നിലവില്‍ വരും. ജൂലൈ മാസത്തില്‍ തന്നെ ഹെല്‍ത്ത് കോണ്‍ക്ലേവും ചേരും. ഇതിനു ശേഷം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. പ്രതിപക്ഷം നിരന്തരമായ ആരോഗ്യ മേഖലക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തലെന്നും സതീശൻ പറഞ്ഞു.

സര്‍ജറി ചെയ്താല്‍ തുന്നിക്കൂട്ടാനുള്ള നൂല് പോലും ഇല്ലാത്ത മെഡിക്കല്‍ കോളജുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളുമില്ല. ഇരന്നു മടുത്തെന്നാണ് ഡോക്ടര്‍ പറഞ്ഞത്. സാധാരണക്കാരായ രോഗികള്‍ കടം വാങ്ങിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്. രോഗി തന്നെ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി എത്തേണ്ട അവസ്ഥയാണ്. നിരവധി ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ഇത് കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും അവസ്ഥയാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും ആരോഗ്യ കിരണവും ഹൃദ്യവും ജെ.എസ്.എസ്.കെയും നിലച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കോടികള്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കിട്ടാതായത്. കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് മരുന്ന് വിതരണ കമ്പനികള്‍ 30 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്. പല കമ്പനികളും മരുന്നിന്റെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിര്‍ത്തി. മരുന്നിന്റെയും സര്‍ജിക്കല്‍ ഉപകരണങ്ങളുടെയും ക്ഷാമം സംബന്ധിച്ച വിഷയം 2025 മാര്‍ച്ചില്‍ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചിട്ടും നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. റിപ്പോര്‍ട്ട് തേടുമെന്നാണ് മന്ത്രി പറയുന്നത്.

ഇതേ ആരോഗ്യ മന്ത്രി തേടിയ റിപ്പോര്‍ട്ടുകള്‍ കൂട്ടിവച്ചാല്‍ നിരവധി വോള്യങ്ങള്‍ വേണ്ടിവരും. ഇത് സ്ഥിരം പരിപാടിയാണ്. 2010 എത്ര രോഗികള്‍ ഉണ്ടായിരുന്നു? ഇപ്പോള്‍ എത്ര പേര്‍ കൂടി എന്നാണ് മന്ത്രി ചോദിക്കുന്നത്. ആഗോഗ്യ മേഖലയെ പൂര്‍ണമായും തകര്‍ത്തു. ഈ സര്‍ക്കാര്‍ പി.ആര്‍ ഏജന്‍സികളെ വച്ച് നടത്തുന്ന നറേറ്റീവും പ്രൊപ്പഗഡയുമല്ല യഥാര്‍ത്ഥ ആരോഗ്യ കേരളം. യഥാര്‍ഥ ആരോഗ്യ കേരളത്തിന്റെ സിസ്റ്റം തകര്‍ന്നു പോയി. കോവിഡ് കാലത്ത് മരണം മറച്ചു വച്ചെന്ന് പറഞ്ഞപ്പോള്‍ ചക്ക വീണ് ചത്തതൊന്നും കോവിഡ് മരണത്തില്‍ കൂട്ടില്ലെന്നാണ് ആരോഗ്യമന്ത്രി മറുപടി നല്‍കിയത്. അതിനു ശേഷം സര്‍ക്കാര്‍ മറച്ചു വച്ച 27,000 കോവിഡ് മരണങ്ങള്‍ പുറത്തുവന്നു. ഇപ്പോള്‍ ആരോഗ്യ വകുപ്പിനാണ് ചികിത്സ വേണ്ടത്. കോവിഡ് കാലത്ത് കൊള്ള നടത്തി. കാലാവധി കഴിഞ്ഞ മരുന്നുകള്‍ പോലും വിതരണം ചെയ്തു. പ്രതിപക്ഷത്തിന്റെ ആരോപണം സി.എ.ജിയും ശരി വച്ചു.

എല്ലാ പകര്‍ച്ചവ്യാധികളും കേരളത്തിലുണ്ട്. അത് തടയാനുള്ള ഒരു സംവിധാനവുമില്ല. കോവിഡിന് ശേഷം മരണ നിരക്ക് കൂടിയിട്ടും അതേക്കുറിച്ച് ഒരു പഠനവുമില്ല. പ്രതിപക്ഷം ഇക്കാര്യം പറഞ്ഞപ്പോള്‍ ശാസ്ത്രീയമായ അടിത്തറയില്ലെന്നാണ് മന്ത്രി പറഞ്ഞത്. ആരോഗ്യ രംഗത്തെ മെച്ചപ്പെടുത്താനുള്ള ഒരു ശ്രമവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നില്ല. വര്‍ഷങ്ങള്‍ കൊണ്ട് കേരളം ആര്‍ജിച്ചെടുത്ത ആരോഗ്യ രംഗത്തെ നേട്ടങ്ങളാണ് ഇവര്‍ ഇല്ലാതാക്കുന്നത്. മന്ത്രിയുടെ ഓഫിസ് മറ്റാരൊക്കെയോ ആണ് ഭരിക്കുന്നത്. മരുന്ന് ഇല്ലാത്ത കാര്യം അറിഞ്ഞില്ലെന്നാണ് മന്ത്രി പറയുന്നത്. പ്രതിപക്ഷം തന്നെ എത്രയോ തവണ ഇക്കാര്യം നിയമസഭയില്‍ പറഞ്ഞതാണ്. ആരോപണം ഉന്നയിച്ച ഡോക്ടറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും മന്ത്രി അറിഞ്ഞില്ല. 300 കോടി രൂപയുടെ പദ്ധതി വിഹിതമാണ് ധനമന്ത്രി റദ്ദാക്കിയത്. ഒന്നിനും പണമില്ല. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും അതിനെ രക്ഷിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

കേരളം ധനപ്രതിസന്ധിയിലാണെന്ന് പറയുന്നത് വികസന വിരോധികളാണെന്നാണ് മുഖ്യമന്ത്രി നിലമ്പൂരില്‍ പറഞ്ഞത്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവന്‍ മരുന്നും നൂലുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ പോകേണ്ട അവസ്ഥയാണ്. ഈ സര്‍ക്കാറിന്റെ മുന്‍ഗണനാക്രമം എന്താണ്? പുരോഗതി കാണിക്കാനാണ് മന്ത്രി 15 വര്‍ഷം മുന്‍പുള്ള കണക്കുമായി മന്ത്രി താരതമ്യം ചെയ്യുന്നത്.

പുറത്തു പറയാന്‍ എല്ലാവര്‍ക്കും പേടിയാണ്. ആദ്യം മന്ത്രി ഡോക്ടറെ വിരട്ടാന്‍ ശ്രമിച്ചു. എല്‍.ഡി.എഫ് സഹയാത്രികനാണ് ഡോക്ടര്‍. അതേ ആളാണ് ആരോപണം ഉന്നയിച്ചത്. അല്ലാതെ ഈ പോസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ല. സമ്മര്‍ദ്ദത്തെ തുടര്‍ന്നാകും ഡോക്ടര്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. എന്നാല്‍ ഇന്നലെ പറഞ്ഞതിനേക്കാള്‍ ശക്തിയിലാണ് അദ്ദേഹം ഇന്ന് പറഞ്ഞത്. മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും ഇല്ലെന്നത് യാഥാർഥ്യമാണ്. പ്രതിപക്ഷം ഈ വിഷയങ്ങള്‍ ഉന്നയിച്ചപ്പോഴും പരിഹാസത്തോടെയുള്ള മറുപടിയാണ് മന്ത്രി നല്‍കുന്നത്. മന്ത്രിയുടെ മറുപടി തൃപ്തികരമല്ല. ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അശാസ്ത്രീയമായ വാക്‌സിനേഷനും ചികിത്സയും സര്‍ക്കാര്‍ അന്വേഷിക്കേണ്ടതാണ്. സമാന്തര ചികിത്സ ഉണ്ടാകുന്നത് അപകടകരമാണ്. വയനാട്ടില്‍ കൊല ചെയ്യപ്പെട്ട സിദ്ധാർഥിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമീഷന്റെ തീരുമാനത്തിനെതിരെ കോടതിയില്‍ പോയ സര്‍ക്കാരാണിത്. എസ്.എഫ്.ഐക്കാര്‍ ക്രൂരമായി റാഗ് ചെയ്ത കേസിലാണ് സര്‍ക്കാറിന്റെ നടപടി. മനഃസാക്ഷിയില്ലാത്ത സര്‍ക്കാരാണിത്. ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Tags:    
News Summary - Dr Haris Chirakkal said that what the opposition has been repeating for ages - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.