എം.എ ബേബി
കൊല്ലം: സി.പി.എം അവഗണിച്ചെന്ന് ഐഷ പോറ്റി പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി. ഐഷ പോറ്റിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, മൂന്ന് തവണ എം.എൽ.എയുമാക്കി. എന്നാൽ പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ട്, തല്ലുകൊള്ളുകയും ജയിലിൽ കഴിയുകയും ചെയ്ത അനേകം സഖാക്കള്‍ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരംപോലും ലഭിച്ചിട്ടില്ല. കോൺഗ്രസിൽ ചേർന്നതിന് വാർത്താപ്രധാന്യം ലഭിക്കത്തക്കവിധം പ്രാപ്തയാക്കിയ സി.പി.എമ്മിനെ, ഐഷ പോറ്റി ഇങ്ങനെ മറക്കാൻ പാടില്ലായിരുന്നുവെന്നും എം.എ. ബേബി കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിൽ ചേർന്ന തീരുമാനം ഐഷ പോറ്റിക്ക് മതിപ്പുണ്ടാക്കുമെന്ന് കരുതാനാകില്ല. കൊട്ടാരക്കരയിലെ എന്നല്ല, കേരളത്തിലെ തെരഞ്ഞെടുപ്പിനെ ഇക്കാര്യം ബാധിക്കില്ല. ജനങ്ങൾ വസ്തുതകൾ മനസിലാക്കുമെന്നും എം.എ. ബേബി പറഞ്ഞു. നേരത്തെ ഐഷ പോറ്റിക്കെതിരെ വിമർശനവുമായി മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തിയിരുന്നു. ഐഷ പോറ്റി വർഗ വഞ്ചകയാണെന്നും സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും എന്നതിന് ഉദാഹരണമാണ് പാർട്ടി മാറ്റമെന്നും അവർ പറഞ്ഞു. പ്രതിഷേധങ്ങൾക്ക് മുതിരില്ലെന്നും സംയമനത്തോടെ നിലവിലെ സാഹചര്യത്തെ നേരിടുമെന്നും അവർ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപ ദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ ചേർന്നാണ് ഐഷയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്. ദേശിയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച ബി.ജെ.പി സർക്കാരിനെതിരെ ലോക്ഭവന് മുന്നിൽ കെ.പി.സി.സി നടത്തിവരുന്ന രാപകൽ സമര പരിപാടിയിൽ നാടകീയമായാണ് ഐഷ പോറ്റി പാർട്ടിമാറ്റം പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ ത്രിവർണ ഷാൾ അണിയിച്ച് അവരെ സ്വീകരിച്ചു. വിമർശനങ്ങളെ താൻ ഭയക്കുന്നില്ലെന്ന് ഐഷ പോറ്റി പ്രതികരിച്ചു.
“എനിക്കെതിരെ ഇനിമുതൽ സോഷ്യൽ മീഡിയയിൽ കടുത്ത ആക്രമണം ഉണ്ടാകും എന്നറിയാം. വർഗ വഞ്ചകിയെന്ന് വിളിച്ചേക്കും. എന്നാൽ, അറിഞ്ഞുകൊള്ളുക എന്നെ എത്ര വിമർശിച്ചാലും അതെന്നെ കൂടുതൽ ശക്തയാക്കും. എന്റെ പ്രിയപ്പെട്ട സഖാക്കൾക്ക് എന്നോട് ദേഷ്യം വരുന്നുണ്ടാകും. സാരമില്ല. എനിക്ക് അവരോടൊക്കെ ഇഷ്ടമാണ്. കുറച്ച് ഡിസിഷൻ മേക്കേഴ്സ് ആണ് എന്നെ ദ്രോഹിച്ചത്. ജീവനുള്ള കാലത്തോളം എല്ലാ പാർട്ടിയിലും ജാതിമതങ്ങളിലും ഒക്കെയുള്ള മനുഷ്യരോടൊപ്പം കാണും. ആർക്കും ദേഷ്യം തോന്നണ്ട. എന്റെ ജോലിയും സ്വകാര്യ സന്തോഷങ്ങളുമടക്കം ത്യജിച്ചാണ് പൊതുപ്രവർത്തനം നടത്തിയത്. ഞാൻ ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടുപോകും” -ഐഷ പോറ്റി പറഞ്ഞു.
സി.പി.എമ്മിനെ പ്രതിനിധീകരിച്ച് കൊട്ടാരക്കര നിയമസഭ മണ്ഡലത്തിൽ തുടർച്ചയായി മൂന്നുതവണ എം.എൽ.എ ആയ ഐഷാ പോറ്റി, 2016ൽ 42,632 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2006ൽ ആർ. ബാലകൃഷ്ണപിള്ളയിൽനിന്ന് മണ്ഡലം പിടിച്ചെടുത്ത ഇവർ, തുടർന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വർധിപ്പിച്ചു. 1977 മുതല്‍ തുടര്‍ച്ചയായി ഏഴു തവണ ബാലകൃഷ്ണ പിള്ള കേരള കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച മണ്ഡലമാണിത്. 2006ൽ പി. അയിഷ പോറ്റിയെ രംഗത്തിറക്കിയ സി.പി.എം ആർ. ബാലകൃഷ്ണപിള്ളയിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചു. 2011 ലും 2016 ലും അയിഷ പോറ്റിയിലൂടെ സി.പി.എം മണ്ഡലം നിലനിര്‍ത്തി.
ഏതാനും നാളുകളായി സി.പി.എമ്മുമായി അകലം പാലിച്ചിരുന്ന ഐഷ പോറ്റി, കഴിഞ്ഞ വർഷം കൊട്ടാരക്കരയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇതോടെ പാർട്ടി കേന്ദ്രങ്ങളിൽനിന്ന് ഐഷക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. എല്ലാ രാഷ്ട്രീയക്കാരും ഉമ്മൻ ചാണ്ടിയെ കണ്ട് പഠിക്കണമെന്നും നല്ലത് ചെയ്താൽ നല്ലതെന്ന് പറയണമെന്നും അതിനകത്ത് രാഷ്ട്രീയം പാടില്ലെന്നും ഐഷ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.