കലക്ടർ ഡോ.എസ്. ചിത്രയും സബ് കലക്ടർ മിഥുൻ പ്രേംരാജും  ആദിവാസികൾക്കൊപ്പം

‘ഡോ. ചിത്ര മേഡം യഥാർഥ നീതിദേവതയാണ്. ... മല്ലീശ്വരൻറെ മക്കളുടെ ഹൃദയത്തിൽ എന്നും സ്ഥാനമുണ്ടാവും’

കോഴിക്കോട് : ഡോ. എസ്. ചിത്ര കലക്ടർ നീതിക്കൊപ്പം നിന്നുവെന്ന് അട്ടപ്പാടിയിലെ ആദിവാസികൾ. ഫേസ് ബുക്കിലൂടെയാണ് വിവിധ ഊരുകളിലെ ആദിവാസികൾ പ്രതികരിച്ചത്. കലക്ടറെ മാറ്റിയതിന് പിന്നിൽ മാഫിയ സംഘമാണെന്ന് പലരും തുറന്നടിച്ചു. സാധാരണ പാലക്കാട് എത്തുന്ന കലക്ടർമാരെ ആദിവാസികൾക്ക് നേരിട്ട് പരാതി നൽകുവാനും പ്രശ്നങ്ങൾക്ക് പരിഹാരം തേടുവാനും കഴിയാറില്ല.

അട്ടപ്പാടിയിലെ പി.വി. സുരേഷിന്റെ കുറിപ്പ് ഇങ്ങനെയാണ്...

'ആത്മാർത്ഥമായി സേവനം ചെയ്ത പ്രിയപ്പെട്ട ഡോ. ചിത്ര മേഡം ഐ.എ.എസിനെ രാഷ്ട്രീയ ഇടപ്പെടൽ മൂലം തൽസ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നു. ഇവരെ പോലെ ഇനിയൊരു പകരക്കാർ കണ്ടറിയാം ഇതെല്ലാം ചെയ്തത് അന്നും ഇന്നും കമ്യൂണിസ്റ്റ് ഭരണകൂടമാണ്. അട്ടപ്പാടിയിൽ മാഫിയകൾക്കെതിരെയുള്ള ഇടപ്പെടൽ ഇനിയും ശക്തമാവുകയുള്ളു അതിന് ഒരു സംശയം വേണ്ട.

ഡോ. ചിത്ര മേഡം യഥാർഥ നീതിദേവതയാണ്. അവർക്ക് മല്ലീശ്വരൻറെ മക്കളുടെ ഹൃദയത്തിൽ എന്നും സ്ഥാനം ഉണ്ടാവും. ഒപ്പം പ്രാർഥനയും. ടൂറിസം എന്നത് കുന്നിടിക്കലും ഒരു നാടിൻറെ ജൈവികമായ സമ്പത്ത് നശിപ്പിക്കലല്ല മിസ്റ്റർ മന്ത്രി @ നിയൊന്നും ഗതി പിടിക്കില്ല......'

അട്ടപ്പാടിയിലെ തഹസിൽദാരും വില്ലേജ് ഓഫീസർമാരും അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥ സംഘമാണ് എല്ലാം തീരുമാനിക്കുന്നത്. അവർക്ക് ആദിവാസികളുടെ ശബ്ദം കേൾക്കുന്നത് പോലും ഇഷ്ടമല്ല. ടി.എൽ.എ കേസുകളിൽ 1999 ലെ നിയമത്തെ പോലും ദുർവ്യാഖ്യാനം ചെയ്താണ് വിധി ഉണ്ടായിക്കൊണ്ടിരുന്നത്. നാമമാത്ര കർഷകനാണ് അഞ്ചേക്കർ വരെ കൃഷിഭൂമി വിട്ടു നൽകേണ്ടത്.

ഇക്കാര്യം മറച്ചുവെക്കുകയും അഞ്ചേക്കറിൽ കുറവ് ഭൂമിയാണെങ്കിൽ ആദിവാസികൾക്ക് അവകാശമില്ലെന്ന് വിധിക്കുകയും ആദിവാസി ഭൂമി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കലക്ടർ ചിത്രയും ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേം രാജും പതിവ് രീതി മാറ്റി. തഹസിൽദാരോട് ആദിവാസി ഭൂമി സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ഒട്ടുമിക്ക വില്ലേജ് ഓഫീസർമാരും റിപ്പോർട്ട് ആദിവാസികൾക്കെതിരെയാണ് നൽകുന്നത്.

എ ആൻഡ് ബി രജിസ്റ്ററുകളിലെ ആദിവാസികളുടെ പേരുകൾ പോലും വെട്ടിമാറ്റുന്ന ഉദ്യോഗസ്ഥരുണ്ട്. ഇങ്ങനെ നീതിയുടെ വാതിലുകളെല്ലാം ആദിവാസികൾക്ക് അടഞ്ഞു കിടന്നപ്പോഴാണ് പാലക്കാട് കലക്ടറായി ഡോ. എസ്. ചിത്രയെ നിയോഗിച്ചത്. ആദിവാസികളിൽ പലരും നേരിട്ട് പരാതി നൽകാൻ കലക്ടറുടെ കാര്യാലയത്തിലെത്തി. കലക്ടറെ നേരിൽ കണ്ടു. കാര്യങ്ങൾ വിശദീകരിച്ചു. കലക്ടറെ കണ്ട നഞ്ചിയമ്മയെ ചേർത്ത് പിടിച്ച് ഒപ്പമുണ്ടെന്ന് കലക്ടർ ചിത്ര ഉറപ്പ് നൽകി. ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേംരാജ് കൂടി കലക്ടർക്കൊപ്പം ചേർന്നപ്പോൾ ആദിവാസികൾക്ക് വലിയ ആത്മവിശ്വാസം ഉണ്ടായി.

അന്യാധീനപ്പെട്ട ആദിവാസി ഭൂമിയുടെ കാര്യങ്ങൾ പഠിച്ചു കഴിഞ്ഞപ്പോൾ കലക്ടർ തന്നെ അട്ടപ്പാടിയിൽ നേരിട്ട് എത്തി. ആദിവാസികളുടെ മാത്രം യോഗം വിളിച്ചു. മറ്റ് റവന്യൂ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് ആദിവാസികളോട് സംസാരിച്ചത്. നീതിക്കൊപ്പം നിൽക്കുമെന്നും ആദിവാസി ഭൂമി സംരക്ഷിക്കുമെന്നും യോഗത്തിൽ ഉറപ്പുനൽകി.

മല്ലീശ്വരി എന്ന ആദിവാസി സ്ത്രീ നൽകിയ പരാതിയിൽ ഭൂമി സർവേ നടത്തുന്നതിനെതിരെ രാഷ്ട്രീയക്കാർ വലിയ എതിർപ്പുയർത്തി. ഒടുവിൽ പൊലീസ് സംരക്ഷണയിൽ സർവേ നടത്താൻ തീരുമാനിച്ചു. അട്ടപ്പാടിയിൽ പൊലീസ് സംരക്ഷണ ആദിവാസി ഭൂമി അളക്കുന്നത് ആദ്യ സംഭവമാണ്. ആദിവാസി ഭൂമിയിൽ മറ്റുള്ളവർക്ക് പ്രവേശിക്കാനും കൈയടക്കാനുമാണ് സാധാരണ പൊലീസ് സംരക്ഷണം ലഭിക്കുന്നത്.

കലക്ടറും ഒറ്റപ്പാലം സബ് കലക്ടറും ആദിവാസികളോട് അടുത്തകാലത്ത് സ്വീകരിച്ച സമീപനം വ്യത്യസ്തമായിരുന്നു. ഇതോടെ ഡോ. എസ്. ചിത്രയെ മാറ്റുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തി. ഭൂമാഫിയ സംഘം ആ നീക്കത്തിൽ വിജയിച്ചു. നീതിയുടെ നക്ഷത്രം അട്ടപ്പാടിയിൽ തെളിയുന്നതായി ആദിവാസികൾക്ക് അനുഭവപ്പെട്ടുവെന്നാണ് ആദിവാസികളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ വ്യക്തമാക്കുന്നത്.

Tags:    
News Summary - Dr. Chitra Medam is a true goddess of justice. They will always have a place in the hearts of Mallishwaran's children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.