മകന്‍റെ പിതൃത്വത്തിൽ സംശയം; ഡി.എൻ.എ പരിശോധന നടത്തി കുടുംബപ്രശ്നം പരിഹരിച്ചു

മലപ്പുറം: മകന്‍റെ പിതൃത്വ സംശയത്തെ തുടർന്ന് ദമ്പതികൾക്കിടയിൽ അസ്വാരസ്യമുണ്ടായ സംഭവത്തിൽ സംസ്ഥാന വനിത കമീഷൻ ഇടപെട്ട്​ ഡി.എൻ.എ പരിശോധന നടത്തി. പരിശോധനയിൽ സ്ത്രീയുടെ ഭർത്താവുതന്നെയാണ് കുഞ്ഞിന്റെ പിതാവെന്ന് തെളിഞ്ഞെന്നും കുടുംബ പ്രശ്നം പരിഹരിച്ചെന്നും ​വനിത കമീഷന്‍ ചെയര്‍പേഴ്‌സൻ അഡ്വ. പി. സതീദേവി അറിയിച്ചു. മലപ്പുറത്ത്​ ചേർന്ന വനിത കമീഷൻ സിറ്റിങ്ങിനുശേഷം നൽകിയ അദാലത്തിന്‍റെ​ വിശദീകരണത്തിലാണ്​​ ഇക്കാര്യം അറിയിച്ചത്​.

വനിത കമീഷന്‍റെ സാമ്പത്തിക സഹായത്തോടെയാണ് ഡി.എൻ.എ പരിശോധന നടത്തിയത്​. രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചപ്പോഴാണ് ഭർത്താവിന് ഭാര്യയെ സംശയം തോന്നിത്തുടങ്ങിയത്. അതോടെ സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കാൻ നിർബന്ധിതയായ ഭാര്യ ഇതുസംബന്ധിച്ച് കമീഷന് പരാതി നൽകി. പിതൃത്വ നിർണയം നടത്തിയാൽ ഭാര്യയെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാം എന്ന് ഭർത്താവ് അറിയിച്ചപ്പോഴാണ് കമീഷൻ ഡി.എൻ.എ പരിശോധനക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിലേക്ക് പരിശോധനക്ക് കക്ഷികളെ അയച്ചത്​.

ഇതുൾപ്പെടെ 13 പരാതികളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. ആകെ 51 പരാതികളാണ് പരിഗണിച്ചത്. ആറെണ്ണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടി.

ആരോഗ്യകരമായ ദാമ്പത്യത്തിന് ബോധവത്കരണം അനിവാര്യമാണെന്ന് വനിത കമീഷന്‍ ചെയര്‍പേഴ്‌സൻ പറഞ്ഞു. ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച പരാതികളാണ് പരിഗണിച്ചവയില്‍ അധികവും. ഭാര്യ-ഭർതൃ ബന്ധങ്ങളിലെ വിള്ളലുകള്‍ ഏറിവരുന്നതായാണ് ഇത്തരം പരാതികളിലൂടെ മനസ്സിലാകുന്നത്. സ്ത്രീവിരുദ്ധമായ പ്രവണതകള്‍ സമൂഹത്തില്‍ വ്യാപകമായ സാഹചര്യത്തില്‍ ബോധവത്കരണം ആവശ്യമാണെന്നും വനിത കമീഷന്‍ ചെയര്‍പേഴ്‌സൻ ചൂണ്ടിക്കാണിച്ചു.

Tags:    
News Summary - Doubts about son's paternity; Family problem solved by DNA test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.