കൊല്ലം: കൊച്ചിക്ക് സമീപം മുങ്ങിയ ചരക്ക് കപ്പൽ അപകടത്തെ സംബന്ധിച്ച ദുരൂഹത നീങ്ങാത്തതിന് പിന്നിൽ അനധികൃത ചരക്ക് കടത്തെന്ന സൂചന. വീണ്ടെടുക്കാനാവാത്ത നിലയിൽ മുങ്ങിപ്പോയ കണ്ടെയ്നറുകളിൽ പലതിലും അനധികൃത സാധനങ്ങളാണെന്ന സൂചനയാണ് പുറത്തുവരുന്നത്. അവയിൽ പ്രധാനം ഘാന അടക്കം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കശുവണ്ടിപ്പരിപ്പാണ്. കാലിത്തീറ്റ എന്ന മറവിൽ ധാരാളമായി കശുവണ്ടിപ്പരിപ്പ് അനധികൃതമായി ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം വിഴിഞ്ഞം, പൂവാർ മേഖലയിൽ അടിഞ്ഞ കണ്ടെയ്നറിൽനിന്ന് തോട്ടണ്ടി ലഭിച്ചിരുന്നു. നൂറ്റമ്പതോളം ചാക്കുകളിലാണ് പൊളിക്കാത്ത കശുവണ്ടി ലഭിച്ചത്.
തോട്ടണ്ടി ഇറക്കുമതിക്ക് അനുവാദമുണ്ടെങ്കിലും പൊളിച്ചതും പൊടിച്ചതുമായ കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാറിന്റെ കടുത്ത നിയന്ത്രണമുണ്ട്. പ്രോസസ് ചെയ്ത കശുവണ്ടി ഇറക്കുമതിക്ക് 300 ശതമാനമാണ് ഇറക്കുമതി ചുങ്കം. എന്നാൽ കേരളത്തിലെ, പ്രത്യേകിച്ച് കൊല്ലം കേന്ദ്രീകരിച്ചുള്ള കശുവണ്ടി വ്യവസായികൾ ഈ ചുങ്കത്തിൽനിന്ന് രക്ഷപ്പെടാൻ കാലിത്തീറ്റ എന്ന പേരിലും മറ്റും ടൺ കണക്കിന് കശുവണ്ടി ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഇറക്കുമതിചെയ്ത 3000 ടണ്ണോളം കശുവണ്ടിയും മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന.
നൂറുടൺ തോട്ടണ്ടിക്ക് തന്നെ ഒരു കോടിരൂപ വരും. പ്രോസസ് ചെയ്ത കശുവണ്ടിക്ക് അതിന്റെ ഇരട്ടിയും. കേരളത്തിൽ കശുവണ്ടിയുടെ പ്രോസസിങ് ചെലവ് വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളിലേതിനേക്കാൾ മൂന്നിരട്ടിയായതിനാലാണ് ഇത്തരത്തിൽ കശുവണ്ടി കൊണ്ടുവരാൻ കമ്പനികൾ നിർബന്ധിതരാകുന്നത്.
പൊളിക്കാത്ത തോട്ടണ്ടിയുടെ കാര്യത്തിലാണെങ്കിൽപോലും ഇറക്കുമതിചെയ്ത സ്ഥാപനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ലാത്തിന്റെ പ്രശ്നങ്ങളുണ്ട്. ഇതൊക്കെക്കൊണ്ടാണ് ആരും നഷ്ടപ്പെട്ട ചരക്കുകളുടെ വിവരം പുറത്ത് പറയാത്തതിന് കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
തോട്ടണ്ടി അടക്കം കടലിൽമുങ്ങിയ കശുവണ്ടിയിൽ ഒരെണ്ണംപോലും ഇനി ഉപയോഗിക്കാനാവാത്തതിനാൽ കപ്പൽ ദുരന്തംമൂലം കശുവണ്ടി വ്യവസായികൾക്കുണ്ടായ നഷ്ടം കോടികളാണ്. കൊല്ലത്തെ കശുവണ്ടി വ്യവസായ മേഖലയാകെ തകർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് പുറത്തുപറയാൻ പോലും സാധിക്കാതെ ഈ ദുരന്തവും.
കപ്പൽ മുങ്ങിയതല്ല മുക്കിയതാണെന്ന ആക്ഷേപത്തിനിടയിൽ കപ്പലിൽ കയറ്റിയ ഉൽപന്നങ്ങളെ സംബന്ധിച്ചോ കണ്ടെയ്നറുകളെ സംബന്ധിച്ചോ അധികൃതർ ഇപ്പോഴും വ്യക്തമായ വിവരം പുറത്തുവിടാത്തതിന് പിന്നിൽ ഇത്തരം കാര്യങ്ങളുമുണ്ടെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.