കരിപ്പൂർ സ്വർണവേട്ട; കസ്റ്റംസ് റിപ്പോർട്ടിൽ സംശയമുന പൊലീസിലേക്ക്

മലപ്പുറം: കരിപ്പൂരിൽ സ്വർണം പിടികൂടിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലം, മലപ്പുറം പൊലീസുമായി ബന്ധപ്പെട്ടുയർന്ന ഗുരുതര ആരോപണങ്ങൾക്ക് ബലം നൽകുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ, പ്രത്യേക കോക്കസ് കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ സംഘമായി പ്രവർത്തിക്കുന്നതായി ആരോപണം ഉന്നയിച്ചത് നിലമ്പൂർ മുൻ എം.എൽ.എ പി.വി. അൻവർ ആയിരുന്നു. സർക്കാറുമായി ഇടഞ്ഞ് എം.എൽ.എ സ്ഥാനം രാജിവെച്ച അൻവർ, ഈ വിഷയത്തിൽ പൊലീസ് പങ്കിന് തെളിവായി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നെങ്കിലും ഗൗരവമുള്ള അന്വേഷണം ഉണ്ടായിരുന്നില്ല.

വടകര സ്വദേശി പി.എം. മുഹമ്മദ് തന്റെ പക്കൽനിന്ന് പിടികൂടിയ സ്വർണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഫയൽ ചെയ്ത കേസിൽ, കഴിഞ്ഞ ദിവസം കസ്റ്റംസ് സമർപ്പിച്ച റിപ്പോർട്ടാണ് പുതിയ വിവാദത്തിന് വഴിതുറന്നത്. കേസിൽ രണ്ടാം എതിർകക്ഷിയായ കസ്റ്റംസിന്റെ കോഴിക്കോട് ഡെപ്യൂട്ടി കമീഷണർ എസ്. ശ്യംനാഥ് സമർപ്പിച്ച വിശദീകരണപത്രികയിൽ മലപ്പുറം പൊലീസിന്റെ നിയമപരമല്ലാത്ത നടപടികൾ അക്കമിട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. കരിപ്പൂരിൽ പൊലീസിന്റേത് പരിധിവിട്ട പ്രവർത്തനമാണെന്നും പിടിച്ചെടുത്ത സ്വർണം നിയമവിരുദ്ധമായി ഉരുക്കുന്നുവെന്നും ആരോപിക്കുന്ന കസ്റ്റംസ്, പൊലീസ് കേസുകളിൽ ഫലപ്രദമായ വിചാരണ നടക്കാത്തതിനാൽ പൊതുഖജനാവിന് വൻ നഷ്ടമുണ്ടാകുന്നതായും ചൂണ്ടിക്കാട്ടുന്നു.

പ്രതികൾ ശരീരത്തിനുള്ളിൽ ഒളിപ്പിക്കുന്ന സ്വർണം പുറത്തെടുക്കാൻ പൊലീസ് സ്വീകരിക്കുന്ന നടപടി അശാസ്ത്രീയവും നിയമവിരുദ്ധവുമാണ്. കള്ളക്കടത്ത് കേസുകളിൽ കസ്റ്റംസിനെ സഹായിക്കേണ്ട പൊലീസ് ദൈനംദിന വിവരം കൈമാറാതെ മറച്ചുവെക്കുന്നു, പൊലീസ് നടപടി കസ്റ്റംസ് അന്വേഷണത്തെ ദുർബലപ്പെടുത്തുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്. കരിപ്പൂരിലെ സ്വർണവേട്ടക്കു പിന്നിൽ റാക്കറ്റ് ഉണ്ടോയെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ളതാണ് കസ്റ്റംസിന്റെ റിപ്പോർട്ട്.

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ 170 സ്വർണക്കടത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടും എന്തുകൊണ്ട് കസ്റ്റംസിൽനിന്ന് വിവരം മറച്ചുവെച്ചു, സ്വർണം ഉരുക്കുന്നത് എന്തിനുവേണ്ടി, ഉരുക്കിയ സ്വർണം എങ്ങോട്ടുമാറ്റുന്നു എന്നിവയെല്ലാം ദുരൂഹമായി നിൽക്കുന്നു. പി.വി. അൻവറിന്റെ രാജിയോടെ കരിപ്പൂർ സ്വർണം പൊട്ടിക്കൽ അടക്കം പരാതികളിൽ മലപ്പുറം മുൻ എസ്.പിക്കെതിരായ അന്വേഷണവും സർക്കാർ അവസാനിപ്പിക്കുകയായിരുന്നു.

Tags:    
News Summary - doubt on polioce in karippoor gold smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.