ആലപ്പുഴ: തോൽവിയിൽനിന്ന് പാഠം ഉൾക്കൊണ്ട് കരുത്ത് തെളിയിച്ച എം. ലിജുവിന് കന്നിവിജയത്തിൽതന്നെ മന്ത്രിപദം. കെ.പി.സി.സി വൈസ് പ്രസിഡന്റടക്കം നിരവധി സംഘടന ചുമതലകളുമായി സംസ്ഥാനമൊട്ടാകെ ഓടിനടന്നതിന് പിന്നാലെ വൈകി കിട്ടിയ അംഗീകാരമാണിത്.
നിയമസഭ തെരഞ്ഞെടുപ്പുകളിൽ 2016ൽ കായകുളത്തും 2011, 2021ൽ അമ്പലപ്പുഴയിലും മത്സരിച്ചെങ്കിലും തോറ്റു. ഇത്തവണ കായംകുളത്ത് സിറ്റിങ് എം.എൽ.എ യു. പ്രതിഭയെ പരാജയപ്പെടുത്തിയാണ് കന്നിവിജയം നേടിയത്. കരിമണല്‍ ഖനനത്തിനെതിരായ സമരം, വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍, ഗുരു-ഗാന്ധി സംഗമത്തിന്റെ നൂറാംവാര്‍ഷികം എന്നിവയുടെ നേതൃത്വം ലിജുവിലെ സംഘാടകനെ അടയാളപ്പെടുത്തി. വിശ്വാസസംരക്ഷണത്തിനായി ആലപ്പുഴ മുതല്‍ പത്തനംതിട്ട വരെ നയിച്ച ജാഥയും തീരദേശജനതയുടെ അവഗണനക്കെതിരെ നയിച്ച ‘കടലിരമ്പം’ പ്രക്ഷോഭവും ജനമനസ്സുകളിൽ ഇപ്പോഴുമുണ്ട്.
സ്വന്തം പഠനച്ചെലവുകള്‍ക്കായി ട്യൂഷനെടുത്തും അധ്വാനിച്ചുമാണ് പണം കണ്ടെത്തിയത്. ഫിസിക്സില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടി അഭിഭാഷകനായി. ഹരിപ്പാട് കാർത്തികപള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ കെ.എസ്.യു പ്രവർത്തകനായി വിദ്യാർഥി രാഷ്ട്രീയത്തിലൂടെ തുടക്കം. ഹരിപ്പാട് നങ്ങ്യർകുളങ്ങര ടി.കെ.എം.എം കോളജിലെ സർവകലാശാല കൗൺസിലറായി. കേരള സർവകലാശാല സെനറ്റ് അംഗം, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, ദേശീയ ജനറൽ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം, ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി സംഘടന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹരിപ്പാട് ആനാരിയിലെ മീനത്തേതില്‍ വീട്ടിൽ പൊലീസ് കോണ്‍സ്റ്റബിളായി വിരമിച്ച എം. മോഹന്‍ലാലിന്റെയും ചന്ദ്രികയുടെയും മകനാണ്. ഭാര്യ: അമ്പിളി. മക്കൾ: ഗാർഗി പ്രിയദർശിനി, ഗഗന പ്രിയദർശിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.