തേനി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നും ഡാമിന് കേടുപാടുകളില്ലെന്നും നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റി. അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തി നാലാമത്തെ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജെയിന്‍. നാലാമത്തെ മേല്‍നോട്ട സമിതി യോഗമാണ് ഇന്ന് നടന്നത്.
അണക്കെട്ടിന്റെ ഘടന, ഉപകരണങ്ങള്‍, ഹൈഡ്രോ -മെക്കാനിക്കല്‍ ഘടകങ്ങള്‍, ഗാലറി എന്നിവയുള്‍പ്പെടെ വിവിധ വശങ്ങള്‍ സമിതി പരിശോധിച്ച ശേഷമാണ് ഡാം സുരക്ഷ അതോറിറ്റിയുടെ പ്രസ്താവന. 2025 ലെ മണ്‍സൂണിന് ശേഷമുള്ള അണക്കെട്ടിന്റെ സ്ഥിതി പരിശോധിച്ചുവെന്നും അണക്കെട്ടിന് നിലവില്‍ ആശങ്കപ്പെടുത്തുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പരിസ്ഥിതിയെ ബാധിക്കുന്ന ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.
'അണക്കെട്ടിനെ ചൊല്ലിയുള്ള കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള പ്രശ്നങ്ങള്‍ മേല്‍നോട്ട സമിതി യോഗത്തില്‍ രമ്യമായി പരിഹരിച്ചു. തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന് ചില ഉപകരണങ്ങള്‍ നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. വനമേഖലയിലൂടെ അണക്കെട്ട് പ്രദേശത്തേക്ക് തമിഴ്നാടിന് വേണ്ടവിധം പ്രവേശനം നല്‍കാനും കേരള സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്'. അദ്ദേഹം പറഞ്ഞു.
അണക്കെട്ടിന്റെ വെള്ളത്തിനടിയിലെ അവസ്ഥ വിലയിരുത്തുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആര്‍.ഒ.വി) സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത നടപടികളെക്കുറിച്ചും സമിതി ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറക്ക് കേരളം വേഗത്തില്‍ തീരുമാനമെടുക്കുകയും ഗ്രൗട്ടിംഗ് ജോലികള്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യും.
എൻഡിഎസ്‌എ ചെയർമാൻ അനിൽ ജെയിൻ, എൻഡിഎസ്‌എ അംഗം (ദുരന്തവും പ്രതിരോധശേഷിയും) രാകേഷ് ടോട്ടേജ, ബെംഗളൂരുവിലെ നോഡൽ ഓഫീസർ - ഐസിഇഡി, ഐഐഎസ്‌സി, ആനന്ദ് രാമസാമി, തമിഴ്‌നാട് സൂപ്പർവൈസറി കമ്മിറ്റി സെക്രട്ടറി ജെ ജയകാന്തൻ, കേരള സൂപ്പർവൈസറി കമ്മിറ്റി അംഗം ബിശ്വനാഥ് സിൻഹ, സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ആർ സുബ്രഹ്മണ്യൻ, ഐഎസ്‌ഡബ്ല്യു, ഗോക് അംഗം ആർ പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി മുല്ലൈ പെരിയാർ അണക്കെട്ട്, ബേബി ഡാം, പ്രദേശത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവ പരിശോധിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ദേശീയ ഡാം സുരക്ഷാ അതോറിട്ടിയാണ്. കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് ഇത്. തമിഴ്‌നാടിനായിരുന്നു നേരത്തേ സുരക്ഷാ കാര്യങ്ങളില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത്. അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുന്നതിനായി നേരത്തെ കേന്ദ്ര ജല കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അണക്കെട്ട് വിഷയങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ മേല്‍നോട്ട സമിതിയും രൂപീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.