മാർക്‌സിസ്റ്റ് പാർട്ടി എന്ന വിഷസർപ്പത്തെ എടുത്ത് മടിയിൽ വെക്കരുത് -എം.കെ മുനീർ

എൽ.ഡി.എഫ് ബന്ധത്തിലെ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഡോ. എം.കെ മുനീർ. മാർക്‌സിസ്റ്റ് പാർട്ടി എന്ന വിഷസർപ്പത്തെ എടുത്ത് മടിയിൽ വെക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും ഒരിക്കലും അവരുമായി ചേർന്ന് പോകുന്നതിനെക്കുറിച്ച് മുസ്‍ലിം ലീഗ് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പ്രവർത്തകർക്കു വേണ്ടിയുള്ള വിശദീകരണ വിഡിയോയിൽ പറഞ്ഞു. എൽ.ഡി.എഫിലേക്ക് ഒരിക്കലും പോകില്ലെന്ന് പറയാനാകില്ലെന്ന് മീഡിയവൺ എഡിറ്റോറിയലിൽ മുനീർ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് വിശദീകരണം. പരാമർശത്തിനെതിരെ ലീഗ് അണികൾ തന്നെ വ്യാപകമായി രംഗത്തുവന്നിരുന്നു.

''ഞാൻ സി.എച്ച് മുഹമ്മദ് കോയയുടെ മകനാണെങ്കിൽ എനിക്ക് ഒരു നിലപാടേ ഉള്ളൂ. അത് മാർക്‌സിസ്റ്റ് പാർട്ടി എന്ന് പറയുന്ന വിഷസർപ്പത്തെ എടുത്ത് മടിയിൽ വെക്കരുത് എന്നുള്ളത് തന്നെയാണ്. ഇപ്പോൾ ഒരിക്കലും അവരുമായി ചേർന്ന് പോകുന്നതിനെ കുറിച്ച് മുസ്‍ലിംലീഗ് ആലോചിച്ചിട്ടേയില്ല. ഞങ്ങൾ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ് ആലോചിച്ചു കൊണ്ടിരിക്കുന്നത്. കോൺഗ്രസിന് ഒരു പോറൽ പോലും ഏൽക്കാതെ നോക്കുക എന്നുള്ളത് നമ്മുടെ കടമയാണ്. രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഇ.ഡി അടക്കമുള്ളവർ നിരന്തരമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കേന്ദ്രത്തിലെ ഫാഷിസ്റ്റ് സർക്കാർ ഇപ്പോഴും കോൺഗ്രസിനെയാണ് മെയിൻ ടാർഗറ്റ് ആയി കാണുന്നതെങ്കിൽ ആ കോൺഗ്രസിനെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മാർക്‌സിസ്റ്റ് പാർട്ടിയും അതിനെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് നമുക്ക് നാളത്തെ രാഷ്ട്രീയം പ്രവചിക്കാൻ പറ്റില്ല. നാളെ മാർക്‌സിസ്റ്റ് പാർട്ടി ചിലപ്പോൾ കോൺഗ്രസിനെ അനുകൂലിച്ചുകൊണ്ട് വരുന്നത് നമുക്ക് കാണാൻ കഴിയും'' എന്നിങ്ങനെയായിരുന്നു മുനീറിന്‍റെ വിശദീകരണം.

Tags:    
News Summary - Don't take the poisonous snake that is the Marxist party and keep it in your lap - MK Muneer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.