സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിച്ച്​ വഞ്ചിതരാകരുതെന്ന് പൊലീസ്

തിരുവനന്തപുരം: നിധി കമ്പനികൾ ഉൾപ്പെടെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസിന്‍റെ മുന്നറിയിപ്പ്. ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തിക തട്ടിപ്പിനും ചതിക്കും വഴിവെക്കുമെന്നതിനാല്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അഭ്യർഥിച്ചു. സാമ്പത്തികതട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് 14 ജില്ലകളിലായി 537 ധനകാര്യസ്ഥാപനങ്ങളെയാണ് പൊലീസും സംസ്ഥാന സർക്കാറും 'കരിമ്പട്ടികയിൽ' ഉൾപ്പെടുത്തിയിരിക്കുന്നത്. 2015 മുതൽ സംസ്ഥാനത്ത് പ്രവർത്തിച്ചുവരുകയായിരുന്ന 367 നിധി ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് നിധി കമ്പനി നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെതുടർന്ന് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം റദ്ദ് ചെയ്തിട്ടുണ്ട്.

തൃശൂർ ജില്ലയിൽ മാത്രം 131 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദായിട്ടുണ്ട്​. 2014ലെ നിധി റൂൾസിലെ 3A, 23A, 23B നിയമങ്ങൾ അനുസരിച്ച് ലൈസൻസിനായി എൻ.ഡി.എച്ച് -4 അപേക്ഷ നൽകിയ 169 സ്ഥാപനങ്ങളുടെ അപേക്ഷ നിരസിച്ചു. കൂടുതലും തൃശൂർ ജില്ലയിലാണ്; 72.

ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ കേരള പൊലീസിന്‍റെ വെബ്സൈറ്റില്‍ (https://keralapolice.gov.in/page/announcements) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021ൽ കേരളത്തിലെ 205 നിധി ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് കേന്ദ്രം റദ്ദ് ചെയ്തിരുന്നു.

Tags:    
News Summary - Don't get cheated by investing in private financial institutions, police said

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.