കോഴിക്കോട്: മുസ്ലിം സമുദായത്തിന്റെ സംവരണത്തോത് വെട്ടിക്കുറച്ച് ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ് പ്രസ്താവനയിൽ പറഞ്ഞു. ഈ വിഷയം നിയമസഭയിൽ നേരത്തേ ഉന്നയിക്കപ്പെട്ടപ്പോൾ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു.
എന്നാൽ, ഭേദഗതികൾ നടപ്പാക്കാതെയാണ് പുതിയ ഉത്തരവും പുറത്തിറക്കിയത്. ഭിന്നശേഷി സംവരണം അനിവാര്യമാണ്. എന്നാൽ, മറ്റൊരു ദുർബല വിഭാഗത്തിന്റെ അവകാശം കവർന്നെടുത്തുകൊണ്ടല്ല അത് നടപ്പാക്കേണ്ടത്. 2019ലാണ് ഭിന്നശേഷി സംവരണത്തിന്റെ ഉത്തരവ് ആദ്യം പുറത്തിറക്കുന്നത്. അപ്പോൾതന്നെ മുസ്ലിം സമുദായത്തിന് സംഭവിക്കുന്ന സംവരണനഷ്ടം എല്ലാവരും ചൂണ്ടിക്കാണിച്ചിരുന്നു. ഇത് തിരുത്തുമെന്ന് നിയമസഭയിൽ വരെ സർക്കാർ ഉറപ്പുനൽകുകയും ചെയ്തു. എന്നിട്ടും നാലു വർഷത്തിനുശേഷം അതേ ഉത്തരവുതന്നെ ഇറക്കി സംവരണം അട്ടിമറിക്കുന്ന സർക്കാർ മുസ്ലിം സമുദായത്തോട് പ്രത്യക്ഷമായ അനീതി കാട്ടുകയാണ്.
സംവരണത്തിന് അർഹതയുള്ള ഒരു ദുർബല വിഭാഗത്തെയും ബാധിക്കാതെത്തന്നെ നിലവിലെ നിയമപ്രകാരം ഭിന്നശേഷി സംവരണം നടപ്പാക്കാൻ കഴിയുമെങ്കിലും അത്തരമൊരു ശ്രമം സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. മുസ്ലിം സംവരണം കവർന്നെടുക്കാനുള്ള ആസൂത്രിത ശ്രമം ഭരണതലത്തിൽ നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഈ ഉത്തരവ് പിൻവലിച്ച്, ഒരു പിന്നാക്ക-ദുർബല വിഭാഗത്തിനും അവസരനഷ്ടം സംഭവിക്കാത്ത വിധത്തിൽ നീതിപൂർവമായി ഭിന്നശേഷി സംവരണം നടപ്പാക്കണമെന്നും ടി.കെ. ഫാറൂഖ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.