തിരുവനന്തപുരം: രാഷ്ട്രീയത്തിൽ ജയിക്കാൻ നാടിന്റെ മതസൗഹാർദത്തെ ബലി കഴിക്കരുതെന്ന് രാഹുൽ ഈശ്വർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ'ലവ് ജിഹാദ്' പരാമർശങ്ങൾക്കെതിരെയാണ് രാഹുൽ ഈശ്വർ നിലപാട് വ്യക്തമാക്കിയത്. കേരളത്തിന്റെ 'കിരൺ ബേദി' എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രഥമ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയിൽ നിന്ന് ഇത്തരം വാട്‌സ്ആപ്പ് യൂനിവേഴ്സിറ്റി വ്യാജ പ്രചാരണങ്ങൾ ഉണ്ടായതിൽ വല്ലാത്ത വേദനയുണ്ടെന്നും അദ്ദേഹം കുറിച്ചു.
ഇന്ത്യയുടെ സുപ്രീം കോടതിയും എൻ.ഐ.എയും തള്ളിക്കളഞ്ഞ ഒന്നാണ് ലവ് ജിഹാദ് ആരോപണമെന്നും ബി.ജെ.പി നേതാവായിരുന്ന ഇ. ശ്രീധരൻ പോലും ഇത്തരം കാമ്പയിനുകളുമായി മുന്നോട്ട് പോകരുതെന്ന് ഉപദേശിച്ചിട്ടുള്ളതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. മുസ്‍ലിം സഹോദരങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന കള്ളത്തരങ്ങൾ പറയുന്നതിന് പകരം ഹിന്ദു സമൂഹം നേരിടുന്ന യഥാർത്ഥ പ്രതിസന്ധികളെ കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
മുൻ ഡി.ജി.പി ഡോ. സിബി മാത്യൂസിന്റെ ഡോക്ടറേറ്റ് പ്രബന്ധം ഉദ്ധരിച്ചുകൊണ്ട് കേരളത്തിലെ ആത്മഹത്യകളിൽ 80 ശതമാനവും ഹിന്ദു വിഭാഗത്തിലാണെന്ന ഗൗരവകരമായ സാമൂഹിക യാഥാർത്ഥ്യം രാഹുൽ ഈശ്വർ നിരത്തി. മദ്യപാനം, കുടുംബ തകർച്ച, ജനസംഖ്യാ തളർച്ച തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളാണ് പരിഹരിക്കപ്പെടേണ്ടത്. ഇത്തരം വസ്തുതകൾ കാണാതെ വർഗീയ വിദ്വേഷം പടർത്തുന്ന പ്രചാരണങ്ങൾക്ക് മാഡത്തെപ്പോലൊരു വ്യക്തി പ്രോത്സാഹനം നൽകരുതെന്നും അദ്ദേഹം താഴ്മയായി അപേക്ഷിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രുപം
10 വോട്ടിനായി മത സൗഹാർദത്തെ തള്ളിപറയല്ലേ ശ്രീലേഖ മാഡം
ശ്രീലേഖ ഐ.പി.എസ് സാമൂഹിക പ്രവർത്തനത്തിനായി വന്നപ്പോൾ വളരെ സന്തോഷിച്ച ഒരു വ്യക്തിയാണ് ഞാൻ. മാഡത്തെ പോലുള്ളവർ നമ്മുടെ പൊതു രംഗത്തിനു രാഷ്ട്രീയ ഭേദമന്യേ ഒരു വലിയ അസറ്റ് ആണ്. ഇത് ഒരു അഭ്യർഥനയാണ് --> രാഷ്ട്രീയത്തിൽ ജയിക്കാൻ നമ്മുടെ നാടിൻറെ മത സൗഹാർദത്തെ ബലി കഴിക്കരുത്. എവിടെയാണ് ശ്രീലേഖ ജി "ലവ് ജിഹാദ്" ??
ഇന്ത്യയുടെ സുപ്രീം കോടതി, എൻ.ഐ.എ ഒക്കെ തള്ളിക്കളഞ്ഞ ഈ വാട്സ്ആപ്പ് യൂനിവേഴ്സിറ്റി വ്യാജ പ്രചാരണം മാഡത്തെ പോലെ "കേരളത്തിന്റെ കിരൺ ബേദി യായ", പ്രഥമ ഐ.പി.എസ് വനിതാ മുന്നോട്ടു വയ്ക്കുന്നതിൽ വല്ലാത്ത വേദനയുണ്ട്. ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ശ്രീ ഇ. ശ്രീധരൻ സാറിനെ പോലുള്ളവർ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമ്പോൾ ബി.ജെ.പിക്കു കൊടുത്ത ഒരു ഉപദേശം "ലവ് ജിഹാദ് പോലുള്ള ക്യാമ്പയിനുമായി മുന്നോട്ടു പോകരുത് എന്നാണ് (മാധ്യമ വാർത്തകൾ പ്രകാരം).
എത്രയോ സീരിയസ് ആയ "ഹിന്ദു വിഷയങ്ങൾ" നമ്മുടെ കേരളത്തിൽ ഉണ്ട് ? ഉദാഹരണം - കേരള പൊലീസിൽ ഡി.ജി.പി ആയിരുന്ന താങ്കളുടെ സീനിയർ ആയിരുന്ന ഡോ. സിബി മാത‍്യൂസ് ഡോക്ടറേറ്റ് പ്രബന്ധം (എം.ജി യൂനിവേഴ്സിറ്റി) ചൂണ്ടിക്കാട്ടുന്നത് 80% ആത്മഹത്യകളും 55% ഉള്ള നമ്മൾ ഹിന്ദുക്കളിൽ ആണെന്നാണ്. 2023 എൽ.ഡി.എഫ് സർക്കാരിന്റെ യുവജന കമ്മീഷനും ഇത് തന്നെ ചൂണ്ടി കാട്ടുന്നുണ്ട്.
നമ്മൾ ഹിന്ദുക്കളിൽ ആത്മഹത്യ, മദ്യപാനം, കുടുംബ തകർച്ച, ജനസംഖ്യ തളർച്ച .. തുടങ്ങി എത്രയോ പ്രശ്നങ്ങളുണ്ട്. ഇതൊന്നും കാണാതെ എന്തിനാണ് മാഡം മുസ്‌ലിം സഹോദരങ്ങളുടെ പുറത്തു കള്ളത്തരങ്ങൾ പറഞ്ഞു കുതിര കയറുന്നതു. ദൈവത്തെ ഓർത്തു താഴ്മയായി അപേക്ഷിക്കുകയാണ് - യൂനിവേഴ്സിറ്റി യൂനിവേഴ്സിറ്റുകൾക്കു മാഡം പ്രോത്സാഹനം കൊടുക്കരുതേ..🙏
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.