പി.എസ്.സി ആസ്ഥാനം

കോളേജ് വിദ്യാഭ്യാസ വകുപ്പ്; ഭിന്നശേഷി സംവരണം പാലിക്കാതെ നിയമനം പി.എസ്.സി നീക്കം

തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ലെക്ചറർ ഇൻ ഡ്രോയിങ് ആൻഡ് പെയ്ന്‍റിങ് തസ്തികയിൽ ഭിന്നശേഷി സംവരണം അട്ടിമറിച്ച് നിയമനം നൽകാൻ പി.എസ്.സി നീക്കമെന്ന് പരാതി. കേൾവി പരിമിതിയുള്ളയാൾക്ക് മാറ്റിവെച്ച ഒഴിവിൽ കാഴ്ചപരിമിതിയുള്ളയാളെ നിയമിക്കാനാണ് നീക്കം. പി.എസ്.സി വിജ്ഞാപനത്തിലും പിഴവുണ്ടെന്ന് ഉദ്യോഗാർഥി ആരോപിക്കുന്നു. ഇതിനെതിരെ ട്രൈബ്യൂണലിലും പി.എസ്.സി ക്രമക്കേട് അന്വേഷിക്കുന്ന എസ്.ഐ.ടിക്കും കോട്ടയം കങ്ങഴ സ്വദേശിയായ ഉദ്യോഗാർഥി പരാതി നൽകി. തിങ്കളാഴ്ച മൊഴിയെടുക്കാൻ ഉദ്യോഗാർഥിയോട് ഹാജരാവാൻ എസ്.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്.

മ്യൂസിക് കോളജിലെ ജൂനിയർ ലെക്ചററിന്‍റെ മൂന്ന് ഒഴിവുകളിലേക്കാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. 2026 ഫെബ്രുവരി രണ്ടിന് റാങ്ക് ലിസ്റ്റ് നിലവിൽവന്നു. ഭിന്നശേഷി വിഭാഗത്തിൽ നാലുപേരാണ് റാങ്ക്ലിസ്റ്റിലുള്ളത്. കാഴ്ചപരിമിതിയുള്ള ഉദ്യോഗാർഥിയെ ഈ തസ്തികയിലേക്ക് പരിഗണിക്കുമെന്നാണ് അപ്പോയിന്‍റ്മെൻറ് ചാർട്ട് പ്രകാരം വ്യക്തമാവുന്നത്. എന്നാൽ, 2018 ഫെബ്രുവരിയിൽ ജൂനിയർ ലെക്ചററിന്‍റെ നാല് ഒഴിവുകളിലേക്ക് പി.എസ്.സി റാങ്ക്ലിസ്റ്റ് തയാറാക്കിയിരുന്നു.

ഈ റാങ്ക് ലിസ്റ്റിൽ കേൾവി പരിമിതിയുള്ള ഉദ്യോഗാർഥി ഇല്ലാതിരുന്നതിനാൽ ആ ഒഴിവ് അടുത്ത റാങ്ക്ലിസ്റ്റിൽ നികത്താൻ മാറ്റിവെച്ചു. ഈ ഒഴിവിലേക്ക് കാഴ്ച പരിമിതിയുള്ളവർക്ക് അർഹതയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേൾവി പരിമിതിയുള്ള ഉദ്യോഗാർഥിക്കായി അന്നു മാറ്റിവെച്ച ഒഴിവിലേക്കാണ് കാഴ്ച പരിമിതിയുള്ള ഉദ്യോഗാർഥിക്ക് അവസരം നൽകുന്നത്. കാഴ്ച പരിമിതിയുള്ളവർക്ക് ജൂനിയർ ലെക്ചറർ ഇൻ ഡ്രോയിങ് ആൻഡ് പെയ്ന്‍റിങ് തസ്തികയിൽ അപേക്ഷിക്കാൻ അർഹതയില്ലെന്ന് സർക്കാർ ഉത്തരവ് നിലവിലിരിക്കെയാണ് അവർക്ക് കൂടി അപേക്ഷിക്കാവുന്ന വിധത്തിൽ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

ഇത് ഗുരുതര വീഴ്ചയാണെന്ന് ഉദ്യോഗാർഥി ആരോപിക്കുന്നു. 2008ലെ റാങ്ക്ലിസ്റ്റിൽ കേൾവി പരിമിതിയുള്ള ഉദ്യോഗാർഥി ഇല്ലാത്ത സാഹചര്യത്തിലും ചലനവൈകല്യം/ സെറിബ്രൽ പാൾസി വിഭാഗത്തിലെ ഉദ്യോഗാർഥിയെ പരിഗണിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. പിഴവ് തിരുത്തണമെന്നും അപ്പോയിന്‍റ്മെന്‍റ് ചാർട്ട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പി.എസ്.സിക്ക് കത്ത് നൽകിയിരുന്നെങ്കിലും പ്രതികരണമില്ലാത്തതിനെ തുടർന്നാണ് ഉദ്യോഗാർഥി ട്രൈബ്യൂണലിനെയും എസ്.ഐ.ടിയെയും സമീപിച്ചത്.

Tags:    
News Summary - College Education Department PSC removes appointment without following reservation for differently-abled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.