അടിസ്ഥാന സൗകര്യ വികസനം: ഫണ്ടിന് കർശന നിയന്ത്രണം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ നിയന്ത്രണം കടുപ്പിച്ചു. പദ്ധതികൾ പ്രവർത്തനക്ഷമമാണെന്ന് അതത് സെക്രട്ടറിമാർ ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഫണ്ട് നൽകാവൂ എന്ന് സർക്കാർ നിർദേശിച്ചു. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കി. കാസർകോട് ജില്ല ആശുപത്രിയിൽ സൗരോർജ നിലയം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പലയിടങ്ങളിലും ഫണ്ട് അനുവദിക്കുന്നതോടെ ഉത്തരവാദിത്തം തീർന്നെന്ന നിലപാടാണ് തദ്ദേശ സ്ഥാപ നങ്ങൾ സ്വീകരിക്കുന്നത്. ഇത് പദ്ധതികളുടെ നടത്തിപ്പിനെ ദോഷകരമായി ബാധിക്കുന്നതായി സർക്കാർ നിരീക്ഷിച്ചു.

പ്രധാന നിർദേശങ്ങൾ:

പണം അനുവദിച്ചാൽ തദ്ദേശ സ്ഥാപനത്തിന്റെ ഉത്തരവാദിത്തം തീരുന്നില്ല. ഫണ്ട് ഉദ്ദേശിച്ച കാര്യത്തിന് തന്നെയാണോ വിനിയോഗിച്ചത് എന്നും ആസ്തികൾ പ്രയോജനപ്രദമായി പ്രവർത്തിക്കുന്നുണ്ടോ എന്നും സെക്രട്ടറിമാർ ഉറപ്പുവരുത്തണം.

• രേഖകൾ സൂക്ഷിക്കണം: പദ്ധതി ആസൂത്രണം, ഭരണാനുമതി, കരാർ രേഖകൾ, പൂർത്തീകരണ റിപ്പോർട്ട്, വിനിയോഗ സാക്ഷ്യപത്രം തുടങ്ങിയവയുടെ പകർപ്പുകൾ തദ്ദേശ സ്ഥാപന ഓഫിസുകളിൽ സൂക്ഷിക്കണം.

ഓഡിറ്റ് മുന്നറിയിപ്പ്: രേഖകൾ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ഓഡിറ്റ് പരിശോധനയിൽ ഗുരുതര കുറ്റമായി കണക്കാക്കും.

• മോണിറ്ററിങ് കർശനമാക്കും: പദ്ധതികളുടെ ഓരോ ഘട്ടത്തിലും കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. മാർഗനിർദേശങ്ങൾ പാലിക്കാത്ത പക്ഷം ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വരും.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ തുടങ്ങി എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. 

Tags:    
News Summary - Infrastructure development: Strict control on funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.