പി.എസ്. പ്രശാന്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ഇടത് സർക്കാർ നിയോഗിച്ച മൂന്നാമത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റാണ് പി.എസ്. പ്രശാന്ത്. എ. പത്മകുമാർ, എൻ. വാസു എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ബോർഡ് അംഗങ്ങളായിരുന്ന എൽ.ഡി.എഫ് പ്രതിനിധികളും അറസ്റ്റിലായിട്ടുണ്ട്. സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റിയംഗമായ എ. പത്മകുമാറിനെതിരെ പാർട്ടി നടപടി സ്വീകരിക്കാൻ വൈകിയത് വിവാദത്തിന് കാരണമായിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലും ഇക്കാര്യം വിമർശനമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനിടെയാണ് പി.എസ്. പ്രശാന്തും അറസ്റ്റിലായത്.
കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ പ്രശാന്തിനെ കഴിഞ്ഞ സർക്കാറാണ് ദേവസ്വംബോർഡ് പ്രസിഡന്‍റാക്കിയത്. അക്കാലത്ത് നടന്ന ആഗോള അയ്യപ്പ സംഗമവും അതിന്‍റെ വരവ് ചെലവ് കണക്കുകളും വിവാദമായി. കഴിഞ്ഞദിവസം ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രശാന്തും പ്രതിയാണെന്ന് എസ്.ഐ.ടി വ്യക്തമാക്കിയിരുന്നു. അതിനാൽ പ്രശാന്തിനെ ഏത് സമയവും എസ്.ഐ.ടി അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നു.
‘തെറ്റ് ചെയ്തിട്ടില്ല, അറസ്റ്റ് ചെയ്യാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ട്’ എന്ന് വ്യാഴാഴ്ച രാവിലെ പ്രശാന്ത് ഫേസ്ബുക് പോസ്റ്റ് ഇട്ടതിന് പിന്നാലെ രാവിലെ ഒമ്പതിനാണ് കരകുളത്തെ വീട്ടിൽനിന്ന് പ്രശാന്തിനെ എസ്.ഐ.ടി കസ്റ്റഡിയിലെടുത്ത് കൊല്ലത്ത് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തിയത്. 2019ലെ ശബരിമല സ്വർണക്കൊള്ള മറച്ചുവെക്കാനാണ് പ്രശാന്തിന്‍റെ കാലത്ത് 2025ൽ ദ്വാരപാലക പാളികൾ സ്വർണം പൂശാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് കൈമാറിയതെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. എന്നാൽ, സാങ്കേതിക പിഴവ് മാത്രമെന്നാണ് പ്രശാന്ത് ആവർത്തിച്ചുവന്നത്. ഹൈകോടതിയുടെ മുൻകൂർ അനുമതി ചോദിക്കാതിരുന്നതാണ് സാങ്കേതിക പിഴവായി ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാൽ, അനുമതിയില്ലാതെ പാളി കടത്തിയത് ഗൂഢാലോചനയുടെ ഭാഗമായെന്നാണ് എസ്.ഐ.ടി ഹൈകോടതിയിൽ നൽകിയ റിപ്പോർട്ട്. 2019ൽ കൊണ്ട് പോയി സ്വർണം പൂശിയ പാളികൾക്ക് ’24 ആയപ്പോൾ ശോഭ നശിച്ചെന്ന് എക്സിക്യൂട്ടിവ് ഓഫിസറായിരുന്ന മുരാരി ബാബു ബോർഡിനെ അറിയിച്ചു. ചെറിയ കാലയളവിൽ ശോഭ നശിച്ചത് അന്വേഷിക്കാതെ ബോർഡ് വീണ്ടും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തന്നെ പാളികൾ കൈമാറിയതിലാണ് എസ്.ഐ.ടി ദുരൂഹത കണ്ടെത്തിയത്. അതിനാൽ പ്രത്യേക കേസെടുക്കാതെ 2019 ലെ പാളി കടത്തിൽ കേസിനൊപ്പം പ്രശാന്തിന്‍റെ കാലത്തെ ക്രമക്കേടിലും എസ്.ഐ.ടി ഒരുമിച്ചാകും കുറ്റപത്രം നൽകുക.
2025ലെ ക്രമക്കേടുകൾ 2019 ലെ സ്വർണക്കൊള്ള കേസുമായി ചേർത്ത് അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണസംഘ വൃത്തങ്ങളും വ്യക്തമാക്കി. കൊള്ളയിൽ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യില്ല. ദേശീയ ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെ കൊള്ളയടിച്ച സ്വർണത്തിന്‍റെ കൃത്യമായ കണക്ക് ലഭിച്ചെന്നും കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബർ മൂന്നിന് മുമ്പ് കുറ്റപത്രം സമർപ്പിക്കാനാണ് എസ്.ഐ.ടി നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.