ജാതി മാറിയുള്ള വിവാഹത്തിന്‍റെ പേരിൽ സംവരണം നിഷേധിക്കരുത് -ഹൈകോടതി

കൊച്ചി: ജാതി മാറിയുള്ള വിവാഹത്തിന്‍റെ പേരിൽ സംവരണം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. സിറോ മലബാര്‍ സഭയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ച ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട യുവതിക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയുള്ള പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ഹരജിക്കാരിക്ക് രണ്ടാഴ്ചക്കകം ജാതി സർട്ടിഫിക്കറ്റ് നൽകാനും കോടതി നിർദേശം നൽകി. ജസ്റ്റിസ് ടി.വി കുഞ്ഞികൃഷ്ണനാണ് ഇക്കാര്യം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതു സംബന്ധിച്ച് മുൻ കാല ഹൈക്കോടതി സുപ്രീംകോടതി വിധികളുണ്ടെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. ലത്തീൻ കത്തോലിക്കാ സമുദായത്തിൽപെട്ട ഹരജിക്കാരി 2005ലാണ് സിറോ മലബാര്‍ സഭയില്‍പെട്ടയാളെ വിവാഹം കഴിച്ചത്. ജാതി സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും എൽ.സി പദവിക്ക് അർഹതയില്ലായെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു. പിന്നീടാണ് ഹരജിക്കാരി ഹൈകോടതിയെ സമീപിച്ചത്.

നേരത്തെ ഇടക്കാല ഉത്തരവിലൂടെ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് താൽക്കാലികമായി നൽകാൻ ബന്ധപ്പെട്ട തഹസിൽദാരോടും വില്ലേജ് ഓഫിസറോടും കോടതി ആവശ്യപ്പട്ടിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 16 (4) പ്രകാരം നിയമം അനുവദിക്കുന്ന വ്യക്തിയെ ദത്തെടുക്കൽ, മറ്റൊരു ജാതിയിൽ നിന്ന് വിവാഹം കഴിക്കൽ, മതം മാറ്റം എന്നിവയ്ക്ക് സംവരണത്തിന്റെ ആനുകൂല്യം നഷ്ടമാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. 

Tags:    
News Summary - Do not deny reservation in the name of inter caste marriage - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT