‘അതു പത അല്ല, ഞാൻ നടക്കുന്ന എന്‍റെ ജീവിത പാതയാണ്. ഇനിയും തുടരും’; മറുപടിയുമായി ദിവ്യ എസ്. അയ്യർ

തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള ഇൻസ്റ്റ്ഗ്രാം പോസ്റ്റ് വിവാദമായതിനു പിന്നാലെ മറുപടിയുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യർ. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണെന്നും ഇനിയും തുടരുമെന്നുമാണ് ദിവ്യ ഇൻസ്റ്റ്ഗ്രാമിൽ കുറിച്ചത്.

ദിവ്യയുടെ അഭിനന്ദന പോസ്റ്റിനെ വിമർശിച്ച് കെ. മുരളീധരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നായിരുന്നു മുരളീധരൻ വിമർശിച്ചത്.

ദിവ്യയുടെ പോസ്റ്റിന്‍റെ പൂർണരൂപം;

മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേൾക്കുന്നുണ്ട്.

എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടു പോകുമ്പോൾ, അവരുമായി ചേർന്നു പ്രവർത്തിക്കുവാൻ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവു അർപ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവു ആണ്. അതു പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്. ഇനിയും തുടരും.

ഏവരോടും, സസ്നേഹം

വിവാദത്തിൽ ദിവ്യയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും രംഗത്തുവന്നിരുന്നു. ദിവ്യക്കെതിരെയുള്ള കോൺഗ്രസ് നേതാക്കളുടെ പരാമർശം അങ്ങേയറ്റം അപക്വമായ മനസ്സുകളുടെ ജല്പനമായി മാത്രമേ കാണേണ്ടതുള്ളൂവെന്നാണ് പിണറായി പറഞ്ഞത്.

Tags:    
News Summary - Divya S. Iyer responds after Instagram post becomes controversial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.