ഖുൽഅ്ൽ മഹ്​ർ തിരികെ നൽകിയതിനെക്കുറിച്ച് പരാമർശമില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ഹൈകോടതി

കൊച്ചി: മുസ്​ലിം സ്ത്രീയുടെ വിവാഹമോചന പ്രഖ്യാപനമായ ‘ഖുൽഅ് നാമ’യിൽ മഹ്​ർ (വിവാഹമൂല്യം) തിരികെ നൽകിയതിനെപ്പറ്റി പരാമർശിച്ചിട്ടില്ലെങ്കിലും വിവാഹമോചനം നിലനിൽക്കുമെന്ന് ഹൈകോടതി. മഹ്​ർ നൽകിയ 10 പവൻ ഭാര്യ തിരികെനൽകാത്തതിനാൽ വിവാഹമോചനം നിലനിൽക്കില്ലെന്ന തലശ്ശേരി പാനൂർ സ്വദേശിയുടെ വാദം തള്ളിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

പുരുഷന്മാർക്ക് ത്വലാഖ് പോലെ സ്ത്രീക്ക് ലഭിക്കുന്ന മതപരമായ അവകാശമാണ് ഖുൽഅ് എന്നും കോടതി വ്യക്തമാക്കി. ഖുൽഅ് മുഖേനയുള്ള വിവാഹമോചനം കുടുംബകോടതി അംഗീകരിച്ചതിനെതിരെയാണ് ഹരജിക്കാരൻ ഹൈകോടതിയിൽ അപ്പീൽ നൽകിയത്.

ഖുൽഅ് നാമ പുറപ്പെടുവിക്കുന്നതിനു മുമ്പ് മധ്യസ്ഥത നടന്നിട്ടില്ലെന്നും മഹ്​ർ തിരികെനൽകാൻ തയാറായിട്ടില്ലെന്നുമായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ, മധ്യസ്ഥതക്ക് ശ്രമിച്ചെങ്കിലും ഭർത്താവ് സഹകരിച്ചില്ലെന്നും ഖുൽഅ് പുറപ്പെടുവിക്കുന്നതിന് മുമ്പേ ഹരജിക്കാരൻ മഹ്​ർ തിരികെവാങ്ങിയിരുന്നുവെന്നും ഭാര്യക്കുവേണ്ടി ഹാജരായ അഡ്വ. ടി.പി. സാജിദ് അറിയിച്ചു. ഖുൽഅ് നാമയിൽ മഹ്​ർ സംബന്ധിച്ച് പരാമർശമില്ലെങ്കിലും കുടുംബകോടതിയിൽ സമർപ്പിച്ച അപേക്ഷയിലും ഭാര്യയുടെ സത്യവാങ്മൂലത്തിലും ഇത് എടുത്തുകൊണ്ടുപോയ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിചാരണക്കിടെ ഹരജിക്കാരൻ ഇതിനെ എതിർക്കുകയോ സത്യപ്രസ്താവന നൽകുകയോ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. മധ്യസ്ഥതക്ക് തയാറായിരുന്നവരുടെ പേരുവിവരങ്ങളും ഹാജരാക്കി.

ഇത് അംഗീകരിച്ച ഹൈകോടതി, യുവതിയുടെ സത്യവാങ്മൂലത്തെ അവിശ്വസിക്കേണ്ടതില്ലെന്നും കുടുംബകോടതിയുടെ തീരുമാനത്തിൽ അപാകതയില്ലെന്നും വിലയിരുത്തി. തുടർന്നാണ് ഭർത്താവിന്‍റെ അപ്പീൽ തള്ളിയത്.  

Tags:    
News Summary - High Court says divorce will stand even though there is no mention of returning the dowry in Khulanama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.