കൽപറ്റയിലെ ടൗൺഷിപ്പിന്റെ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു
കൽപറ്റ: ഇന്ന് വിഷു. വിഷുദിനത്തിന് മുമ്പേ മുണ്ടക്കൈ ഉരുൾദുരന്ത ബാധിതർക്ക് കൽപറ്റയിലെ ടൗൺഷിപ്പിൽ താമസം തുടങ്ങാനാകുമെന്ന മുഖ്യമന്ത്രി പിണാറയി വിജയന്റെ വാക്കുകൾ വെറുതെയായി. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്‌ഥാന സർക്കാർ കൽപറ്റ ബൈപാസിനിരികിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ ഉദ്ഘാടനം കഴിഞ്ഞ ആദ്യഘട്ട വീടുകളുടെ പണികൾ ഇനിയും തീർന്നില്ല. ഇതോടെ ഈ വീടുകളിൽ വിഷുവിന് മുന്നേ താമസം തുടങ്ങാനാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് പാലിക്കപ്പെടാതെ പോയത്. ഉദ്ഘാടനം കഴിഞ്ഞ വീടുകളിൽ പോലും അതിജീവിതർക്ക് താമസം തുടങ്ങാനാകാത്തത് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷപാർട്ടികൾ ആയുധമാക്കിയിരുന്നു. ഇതോടെയാണ് പണികൾ ഉടൻ പൂത്തിയാകുമെന്നും അതിജീവിതർക്ക് വിഷുവിന് മുമ്പേ തന്നെ താമസം തുടങ്ങാനാകുമെന്നും മുഖ്യമന്ത്രിക്ക് പറയേണ്ടിവന്നത്.
കഴിഞ്ഞ മാർച്ച് ഒന്നിന് മുഖ്യമന്ത്രിയാണ് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ ഈ വീടുകളിൽ ബാത്ത്റൂമിലടക്കം സൗകര്യങ്ങൾ ഒന്നും ഒരുക്കിയിരുന്നില്ല. ഇത് വിവാദമായതോടെ വിഷുവിനു മുമ്പ് ആദ്യഘട്ടത്തിലെ വീടുകളുടെ നിർമാണം പൂർത്തിയാക്കുമെന്ന് ജില്ല ഭരണകൂടവും ഉറപ്പുനൽകിയിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാർ. നിലവിൽ പല വീടുകളുടെയും പ്ലമ്പിങ് ജോലികൾ അടക്കം പൂർത്തിയാക്കാനുണ്ട്. നേരത്തെ, പ്രതിദിനം 1500ലധികം തൊഴിലാളികളെ ഉപയോഗിച്ച് രാപകൽ വ്യത്യാസമില്ലാതെയായിരുന്നു ടൗൺഷിപ്പിലെ പണികൾ. എന്നാൽ, ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ നിർമാണം മന്ദഗതിയിലായി.
സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ പലയിടങ്ങളിലായി റോഡ് നിർമാണങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ ഊരാളുങ്കലിന് തൊഴിലാളികളെ അവിടങ്ങളിലേക്ക് വിന്യസിക്കേണ്ടി വന്നു. ഇതാണു പ്രതിസന്ധിക്കിടയാക്കിയത്. ഇതിനിടയിലാണു തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. അതോടെ, ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പല തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. ഇതോടെ പ്രതിസന്ധി രൂക്ഷമായി. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും കുടിവെള്ള വിതരണ ശൃംഖലയുടെയും പ്രവൃത്തി ഉടൻ പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. സീവേജ് പൈപ്പ് ലൈൻ സ്ഥാപിക്കലും പുരോഗമിക്കുകയാണ്.
അഞ്ച് സോണുകളിലുമായി 10 പ്ലാന്റുകളാണ് നിർമിക്കുന്നത്. നാലാം സോണിലെ 9.5 ലക്ഷം സംഭരണ ശേഷിയുള്ള കുടിവെള്ള സംഭരണിയിൽനിന്ന് വീടുകളിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ പുരോഗമിക്കുകയാണ്. ഒന്ന്, മൂന്ന്, നാല് സോണുകളിൽ വീടിന്റെ മിനുക്കുപണികളാണ് പ്രധാനമായും നടത്തുന്നത്. അഞ്ചാം സോണിൽ വീടിന്റെ കട്ടകെട്ടലും തേപ്പുമാണ് പുരോഗമിക്കുന്നത്.
സിമന്റ് ട്രീറ്റഡ് ബെയ്‌സ് (സി.ടി.ബി) സാങ്കേതികവിദ്യയിൽ ആധുനിക നിലവാരത്തിലാണ് ടൗൺഷിപ്പിലേക്കുള്ള റോഡ് നിർമാണം പുരോഗമിക്കുന്നത്. വിഷുവിനു ശേഷം ടൗൺഷിപ്പിലെ പൊതു കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷ. പൊതുമാർക്കറ്റ്, ആരോഗ്യകേന്ദ്രം, അംഗൻവാടി, ഉരുൾ സ്മാരകം, ഓപൺ തീയറ്റർ തുടങ്ങിയവയാണ് നിർമിക്കുക. ടൗൺഷിപ്പിനുള്ളിലെ എൽസൺ എസ്റ്റേറ്റിന്റെ തേയില ഫാക്ടറി നവീകരിച്ച് കമ്യൂണിറ്റി ഹാൾ നിർമിക്കാനും പദ്ധതിയുണ്ട്. ഫുട്ബാൾ ഗ്രൗണ്ടും ഒരുക്കും.
കഴിഞ്ഞദിവസമാണു കൂടുതൽ തൊഴിലാളികളെ എത്തിച്ച് നിർമാണം വേഗത്തിലാക്കിയത്. നിലവിൽ ഫേസ് വൺ ഗുണഭോക്താക്കൾക്കു കൈമാറേണ്ട സോണുകളിൽ ഉൾപ്പെടെ രാപകൽ വ്യത്യാസമില്ലാതെ പ്രവൃത്തി വേഗത്തിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.