എം.എൻ സ്മാരകത്തിൽ നടന്ന ആദ്യ എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിക്കുന്നു

ബ്രൂവറിയിൽ ഘടകകക്ഷികളുടെ വിയോജിപ്പ് തള്ളി; പദ്ധതിക്ക് എൽ.ഡി.എഫ് അംഗീകാരം

തിരുവനന്തപുരം: ഘടകകക്ഷികൾ കടുത്ത വിയോജിപ്പുയർത്തിയിട്ടും എലപ്പുള്ളിയിലെ വിവാദ ബ്രൂവറിയുമായി മുന്നോട്ടുപോകാൻ എൽ.ഡി.എഫ് തീരുമാനം. സി.പി.ഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ മൂന്ന് മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് പദ്ധതിക്ക് മുന്നണിയുടെ അംഗീകാരം നേടിയത്.

മദ്യനിർമാണശാല വിഷയം ചർച്ചചെയ്യാൻ അടിയന്തരമായി എൽ.ഡി.എഫ് വിളിക്കണമെന്നും അതുവരെ പ്രവർത്തനം നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ആർ.ജെ.ഡി മുന്നണി നേതൃത്വത്തിന് കത്ത് നൽകിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു യോഗം. എലപ്പുള്ളിയിലെ മദ്യനിർമാണശാലയുടെ കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2022-23ലും 2023-24ലും മദ്യനയം പ്രഖ്യാപിച്ചപ്പോഴും മുന്നണി ഇത് വ്യക്തമാക്കിയതാണ്. കേരളത്തിനാവശ്യമായ സ്പിരിറ്റും മദ്യവും ഇവിടെ ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ് മദ്യനയത്തിൽ പറയുന്നത്.

അതിനായി നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ഇതെല്ലാം സർക്കാറിന്‍റെ ഭരണപരമായ നടപടിയുടെ ഭാഗമാണ്. നയപരമായി തീരുമാനിച്ചുകഴിഞ്ഞാൽ പ്രായോഗികമായി എന്ത് നിലപാട് സ്വീകരിക്കണമെന്ന് മുന്നണിയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. അത് സർക്കാറാണ് നിർവഹിക്കേണ്ടത്. പല ആശങ്കകളും ഇതുസംബന്ധിച്ച് ഉയർന്നുവന്നിട്ടുണ്ട്. കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കാത്ത നിലയിലാകും പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിലെ അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച ചോദ്യത്തിന് താനിപ്പോൾ പറയുന്നത് ഇടത് മുന്നണിയുടെ പൊതുനിലപാടാണ് എന്നായിരുന്നു കൺവീനറുടെ പ്രതികരണം. മുന്നണിയിൽ വ്യത്യസ്ത പാർട്ടികളുണ്ട്. അവർക്ക് വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്. ചർച്ച നടത്തി ഏകീകരിച്ച ധാരണയുണ്ടാക്കി മുന്നോട്ടുപോവുക എന്നുള്ളതാണ് മുന്നണിയുടെ പൊതുനയം -അദ്ദേഹം പറഞ്ഞു. എൽ.ജെ.ഡിയും സി.പി.ഐയും എതിർപ്പ് ഉന്നയിച്ചില്ലേ എന്ന ചോദ്യത്തിന് ‘തനിക്ക് അറിയില്ല’ എന്നായി മറുപടി.

Tags:    
News Summary - Disagreement of the parties in the brewery was rejected; LDF approval for the project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.