എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുൻപോട്ടു പോകുമെന്ന് അലി അക്ബർ

കോഴിക്കോട്​: നേതൃത്വത്തോടുള്ള എതിർപ്പ്​ പരസ്യമാക്കിയ സംവിധായകൻ അലി അക്​ബർ ബി.ജെ.പി സംസ്ഥാന സമിതിയിൽനിന്ന്​ രാജിവെച്ചു. മൂന്നു ദിവസം മുമ്പ്​ സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക്​ രാജിക്കത്ത്​ ഇ-മെയിൽ അയച്ചതായി അലി അക്​ബർ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ്​ രാജിയെന്ന്​ പറയുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തി‍​െൻറ നടപടികളിൽ അലി അക്​ബറിന്​ പ്രതിഷേധമുണ്ടായിരുന്നു.

പാർട്ടി പുനഃസംഘടനയെ വിമർശിച്ചതിന്​ മുൻ സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ പുറത്താക്കിയതിൽ പ്രതിഷേധത്തിലാണ്​ അലി അക്​ബർ. രണ്ടു​ പതിറ്റാണ്ടിലേറെയായി രാഷ്​ട്രീയത്തിലുള്ള നസീറിനൊപ്പമാണ്​ താനെന്ന്​ അലി അക്​ബർ വ്യക്തമാക്കി. രാജിവെച്ചിട്ടും നേതാക്കൾ ആരും വിളിച്ചില്ലെന്നും രാഷ്​ട്രീയം വിടില്ലെന്നും സാധാരണ പ്രവർത്തകനും 'സംഘി'യുമായി തുടരു​െമന്നും അദ്ദേഹം 'മാധ്യമ'​ത്തോട്​ പറഞ്ഞു. മുസ്​ലിംകൾക്ക്​ ബി.ജെ.പിയിൽ അവഗണനയുണ്ടെന്ന്​ പറയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി സിനിമകളുടെ സംവിധായകനായ അലി അക്​ബർ ആറു​ വർഷമായി സംഘ്​പരിവാർ അനുകൂലിയാണ്​. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ​െകാടുവള്ളിയിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചിരുന്നു.

തിങ്കളാഴ്​ച രാവിലെ ഫേസ്ബുക്കിലൂടെയാണ്​ അലി അക്​ബർ സ്ഥാനമൊഴിഞ്ഞതായി സൂചന നൽകിയത്​. പിന്നീട്​ മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോൾ രാജിക്കാര്യം സ്​ഥിരീകരിച്ചു. ഒരു മുസൽമാൻ ബി.ജെ.പിയിൽ പ്രവർത്തിക്കു​േമ്പാഴുള്ള തെറിവിളികളും അവഹേളനവും സാമാന്യജനങ്ങൾക്ക്​ മനസ്സിലായില്ലെങ്കിലും രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണമെന്ന്​ അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചിരുന്നു. ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടിയെന്നും എല്ലാ ഉത്തരവാദിത്തങ്ങളുമൊഴിഞ്ഞെന്നും, പക്ഷങ്ങളില്ലാതെ മു​േമ്പാട്ടു പോവാൻ തീരുമാനി​െച്ചന്നും അലി അക്​ബർ ഫേസ്​ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഒരു മുസൽമാൻ ഭാരതീയ ജനതാപാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോൾ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാൻ പറയുന്നത്, വർഷങ്ങൾക്കു മുൻപേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തിൽ ഓടി നടന്നു പ്രവർത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം..

മുൻപ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധർമ്മത്തെ അറിഞ്ഞു പുൽകിയവർ... രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവർ... അത്തരത്തിൽ ചിലരെ വേട്ടയാടുന്നത് കണ്ടു... വേദനയുണ്ട്. ഒരുവനു നൊന്താൽ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാൻ യന്ത്രമല്ല... അതിനെ അത്തരത്തിൽ കാണാതെ അംശവടി കൊണ്ട് തടവിലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേൾക്കുന്ന കേഴ്‌വിയും ഒരു മനുഷ്യനിൽ ചലനം സൃഷ്ടിക്കും അതുകൊണ്ടാണല്ലോ ആർജ്ജുനൻ അധർമ്മികളായ ബന്ധു ജനങ്ങൾക്കിടയിൽ വില്ലുപേക്ഷിക്കാൻ തയ്യാറായപ്പോൾ ഭാഗവാന് ഉപദേശം നൽകേണ്ടി വന്നത്.. കൃഷ്ണൻ അർജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..

മഹാഭാരത കഥ ഓർമ്മിപ്പിച്ചു എന്നേയുള്ളു...കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാൻ, ഒച്ചയില്ലാത്തവന്‍റെ ആയുധമാണ് അക്ഷരങ്ങൾ.. അത് കുറിക്കാൻ വിരൽ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധർമ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധർമ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും, ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീർക്കുന്നു.

എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചു... എന്ത് കർത്തവ്യമാണോ ഭഗവാൻ എന്നിലർപ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാൻ ഭഗവാൻ സഹായിക്കട്ടെ.



Tags:    
News Summary - Director Ali Akbar Resigned in BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.